black-magic-

കോന്നി: മലയാലപ്പുഴയിൽ പൊലീസ് പിടിയിലായ വാസന്തി മന്ത്രവാദിനിയെ തേടി എത്തിയിരുന്നത് നിരവധി വിശ്വാസികളാണ്. ദൂരസ്ഥലങ്ങളിൽ നിന്നാണ് കൂടുതലും ആളുകളെത്തിയിരുന്നത്. കുമ്പഴ സ്വദേശിയായ വാസന്തി മുൻപ് ഏലിയറയ്ക്കലിലും മല്ലശേരിയിലും ആശ്രമം സ്ഥാപിച്ച് മന്ത്രവാദം നടത്തിയിരുന്നു. അക്കാലത്ത് സമീപവാസികളുമായി അവിടെയും പ്രശ്നങ്ങൾ നടന്നിരുന്നു.

വിശ്വാസികൾ കൂടിയതോടെ പൂജയ്ക്കുള്ള ദക്ഷിണ വൻതുകയാക്കി. പണം നന്നായി കിട്ടിത്തുടങ്ങിയതോടെ ഇവർ പലിശയ്ക്ക് പണം കൊടുക്കാൻ തുടങ്ങി.

പലിശയ്ക്ക് കൊടുക്കുന്ന പണം തിരികെ വാങ്ങാനും സ്വന്തം സുരക്ഷയ്ക്കുമായി ഇവർ ഗുണ്ടകളെയും ഏർപ്പാടാക്കി. ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുത്തതാണ് പൊതിപ്പാട്ടെ വീട് എന്ന് പറയപ്പെടുന്നു. വാസന്തിയമ്മ മഠം എന്ന പേരിൽ പിന്നീട് ഇത് ആശ്രമമാക്കി മാറ്റി. സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരം നൽകി.

ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് വാസന്തി ഭക്തർക്ക് ദർശനം നൽകിയിരുന്നത്. മറ്റുദിവസങ്ങളിൽ അത്യാവശ്യക്കാർക്കു വേണ്ടിയും പൂജ നടത്തിയിരുന്നു. ഒരുകുട്ടിക്ക് മന്ത്രവാദ ചികിത്സ നൽകുമ്പോൾ കുട്ടി നിലവിളിച്ചുകൊണ്ട് വീഴുന്നതിന്റെയും ചുറ്റും നിൽക്കുന്നവർ നിലവിളിപോലെ പ്രാർത്ഥിക്കുന്നതിന്റെയും വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാസന്തി കുടുങ്ങിയത്. ഇടയ്ക്ക് ഡി .വൈ.എഫ്.ഐ പ്രവർത്തകരുടെ സമരത്തെ തുടർന്ന് വാസന്തി മഠം അടച്ചുപൂട്ടിയെങ്കിലും വീണ്ടും പ്രവർത്തനം തുടങ്ങി. ഇവിടുത്തെ ദുരൂഹതകൾ നാട്ടുകാരിൽ സംശയം ജനിപ്പിച്ചിരുന്നു.