
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ടനരബലിയുടെ വാർത്തകൾ കണ്ടപ്പോൾ നാൽപ്പത്തിയഞ്ചുകാരി സുമയുടെ മുഖത്ത് ഞെട്ടലും, അതിലുപരി ആശ്വാസവുമായിരുന്നു. തലനാരിഴയ്ക്കാണ് ലൈലയുടെ കൈയിൽ നിന്ന് താൻ രക്ഷപ്പെട്ടതെന്ന് അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷൻ ജീവനക്കാരിയായ ഇടപ്പോൺ ചരുവിൽ വീട്ടിൽ സുമ പറയുന്നു.
സെപ്തംബർ പത്തിന് ഇലന്തൂർ ഭാഗത്തുനിന്ന് സംഭാവന സ്വീകരിച്ച ശേഷം ഭഗവൽ സിംഗിന്റെ വീടിന് മുന്നിലൂടെ സുമ പോയിരുന്നു. നട്ടുച്ച സമയം, റോഡിൽ ആരുമില്ല. വീടിന് മുന്നിലെ കാവ് കണ്ട് നോക്കിയപ്പോൾ ലൈല അവിടെ നിൽക്കുന്നു. മോളേ ഭക്ഷണം കഴിച്ചോ എന്ന് ആ സ്ത്രീ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ സ്‌നേഹത്തോടെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിൽ ചെന്ന് കഴിക്കാമെന്ന് താൻ പറഞ്ഞപ്പോൾ അകത്തുകയറി വെള്ളമെങ്കിലും കുടിച്ചിട്ട് പോ എന്നായി. ഒരു പരിചയവുമില്ലാത്ത സ്ത്രീയുടെ അസാധാരണമായ പെരുമാറ്റം കണ്ടപ്പോൾ എത്രയും പെട്ടെന്ന് അവിടെ നിന്ന് പോകണമെന്ന് തോന്നിയെന്ന് സുമ പറയുന്നു.
ലൈല വീണ്ടും നിർബന്ധിച്ചപ്പോൾ ജനസേവന കേന്ദ്രത്തിലേക്ക് സംഭാവന വല്ലതും ചെയ്യുന്നെങ്കിൽ ആവാമെന്നായി. ലൈല അറുപത് രൂപ നൽകുകയും ചെയ്തു. ഇവർ സംസാരിക്കുന്നതിനിടയിൽ വീടിനകത്തുനിന്ന് ഒരാൾ എത്തിനോക്കിയിരുന്നു. വാർത്തകളിൽ പ്രതികളുടെ ദൃശ്യങ്ങൾ വന്നതോടെയാണ് അത് ഭഗവൽ സിംഗ് ആയിരുന്നെന്ന് സുമയ്ക്ക് മനസിലായത്. ഈ സംഭവത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് പദ്മ കൊല്ലപ്പെട്ടത്.