v-sivankutty

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയത് വിവാദമായതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. വിദേശയാത്ര സംബന്ധിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

' മന്ത്രിമാർ വന്നിറങ്ങിയില്ലല്ലോ. അതിന് മുമ്പ് ധൂർത്താണെന്ന് പറഞ്ഞാൽ പറ്റുമോ? ഭർത്താവ് മന്ത്രിയായാൽ ഭാര്യയ്ക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നില്ല. അവർ സ്വന്തം ചെലവിലാണ് വന്നത്. സ്വന്തം ഭാര്യമാരെയാണ് മന്ത്രിമാർ കൊണ്ടുപോയത്. നേട്ടങ്ങൾ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ട് വരുന്നത് പോലെയല്ല. അതെല്ലാം ഭാവിയിൽ കാണാം.'- ശിവൻകുട്ടി പറഞ്ഞു.

അതേസമയം, മന്ത്രിമാരുടെ വിദേശയാത്ര നാടിന്റെ വികസനത്തിന് വേണ്ടിയാണെന്നും അല്ലാതെ ഉല്ലാസത്തിന് വേണ്ടിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറ‌ഞ്ഞിരുന്നു. കേന്ദ്ര മന്ത്രി വി മുരളീധരന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം കേന്ദ്രസർക്കാരിനെ മുൻകൂട്ടി അറിയിച്ചില്ലെന്നായിരുന്നു വി മുരളീധരൻ പറഞ്ഞത്. ജനങ്ങൾ പ്രാണഭയത്തിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉല്ലാസയാത്രയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാണ് എം വി ഗോവിന്ദന്‍ മറുപടി നല്‍കിയത്.