shamseer

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള‌ളിൽ എംഎൽഎയ്‌ക്കെതിരായ നിയമനടപടിയ്‌ക്ക് സ്‌പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് സ്‌പീക്കർ എ.എൻ ഷംസീർ. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും നിയമം നിയമത്തിന്റെ വഴിയ്‌ക്ക് പോകുമെന്നും സ്‌പീക്കർ പ്രതികരിച്ചു. പ്രോസിക്യൂട്ട് ചെയ്യുന്നതിന് സ്‌പീക്കറുടെ അനുമതി ആവശ്യമില്ല. അറസ്‌റ്റിന് ശേഷം സ്‌പീക്കറെ അറിയിക്കണമെന്നാണ് സുപ്രീംകോടതി അറിയിച്ചിട്ടുള‌ളത്. ജനപ്രതിനിധികൾ പൊതുവെ പാലിക്കേണ്ട ചില നിയമങ്ങളുണ്ട് അത് പാലിച്ചില്ലെങ്കിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകും. സ്‌പീക്കർ പറഞ്ഞു.

അതേസമയം കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത് സ്‌ത്രീപക്ഷ നിലപാടാണെന്നും എൽദോസ് കുന്നപ്പിള‌ളിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സ്‌ത്രീപക്ഷ നിലപാട് തന്നെ കോൺഗ്രസ് ഉയർത്തിപ്പിടിക്കുമെന്നും വി.ഡി സതീശൻ അറിയിച്ചു.

തന്നെ പീഡിപ്പിച്ചെന്ന അദ്ധ്യാപികയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്‌ക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗ കുറ്റംകൂടി ചുമത്തിയിരുന്നു. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനും നേരത്തെ ജാമ്യമില്ലാ വകുപ്പുകൾപ്രകാരം കേസെടുത്തിരുന്നു.

അതേസമയം, അന്വേഷണസംഘത്തിന് എം.എൽ.എയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എം.എൽ.എയുടെ പി.എയുടേയും സുഹൃത്തിന്റേയും ഫോണുകളും സ്വിച്ച് ഓഫാണ്. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം അന്വേഷണസംഘം തുടരുന്നുണ്ട്. കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെയാണ് പരിഗണിക്കുക.