paratha-

ന്യൂഡൽഹി : രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കാനുള്ള പ്രധാന കാരണം കേന്ദ്ര സർക്കാർ ചുമത്തുന്ന ഉയർന്ന ജി എസ് ടി കാരണമാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാൾ. ജി എസ് ടി നിരക്ക് കുറച്ചാൽ വിലക്കയറ്റത്തിൽ നിന്നും ജനങ്ങൾ രക്ഷപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റെഡി ടു ഈറ്റ് പറാത്തയ്ക്ക് 18 ശതമാനം ജി എസ് ടി ഏർപ്പെടുത്തിയ നടപടിയെ ശരിവച്ചു കൊണ്ട് ഗുജറാത്ത് അപ്പലേറ്റ് അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിംഗ് (എഎഎആർ) ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് കേജ്രിവാൾ ജി എസ് ടിയ വിലക്കയറ്റത്തിന്റെ കാരണക്കാരനെന്ന് വിശേഷിപ്പിച്ചത്. റെഡി ടു ഈറ്റ് പറാത്ത, ചപ്പാത്തി അല്ലെങ്കിൽ റൊട്ടി എന്ന വിഭാഗത്തിൽ ഉൾപ്പെടില്ലെന്നാണ് എഎഎആർ വിലയിരുത്തിയത്. 'ബ്രിട്ടീഷുകാർ പോലും ഭക്ഷണ സാധനങ്ങൾക്ക് നികുതി ചുമത്തിയിട്ടില്ല.' ഇതായിരുന്നു ഗുജറാത്ത് എഎഎആർ ഉത്തരവിനെതിരെ ഡൽഹി മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം.

പരാതിയുമായെത്തിയാൾ ബോധിപ്പിച്ചത് പറാത്ത നിർമ്മിക്കുന്നത് ഗോതമ്പുകൊണ്ടാണെന്നും അതിനാൽ 18 ശതമാനം ജി എസ് ടി ഈടാക്കരുത് എന്നുമായിരുന്നു. എന്നാൽ ഇതിനോട് യോജിക്കുവാൻ ഗുജറാത്ത് അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിംഗ് തയ്യാറായില്ല. പറാത്തയെ റോട്ടിയോ ചപ്പാത്തിയോ ആയി പരിഗണിക്കാനാവില്ലെന്നും, രണ്ടിന്റെയും ഘടന വളരെ വ്യത്യസ്തമാണെന്നും എഎഎആർ നിരീക്ഷിച്ചു.

ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തു തന്നെ നടക്കുമെന്നതിനാൽ സംസ്ഥാനത്തെ ചെറു കാര്യങ്ങളിൽ പോലും കേജ്രിവാൾ താത്പര്യം കാട്ടുന്നുണ്ട്. ആം ആദ്മി വളരെ പ്രതീക്ഷ വച്ചു പുലർത്തുന്ന ഗുജറാത്തിൽ ഇക്കുറി തിരഞ്ഞെടുപ്പ് പോരാട്ടം തീ പാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമെന്നും കരുതുന്നു.