deadbody

ഈറോഡ്: സ്കൂൾ ഹോസ്റ്റലിൽ ചേരാൻ ആവശ്യപ്പെട്ടതിൽ കലിപൂണ്ട് പതിനഞ്ചുകാരൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. സത്യമംഗലം താലൂക്കിലെ പുഞ്ചൈ പുളിയംപട്ടിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരിയായ യുവറാണി(36) ആണ് കൊല്ലപ്പെട്ടത്. കോൺട്രാക്ടറായ അരുൺസെൽവൻ ആണ് യുവറാണിയുടെ ഭർത്താവ്. ഇവർക്ക് മറ്റൊരു മകൾകൂടിയുണ്ട്.


നേരത്തേ ഹോസ്റ്റലിൽ നിന്നാണ് പതിനഞ്ചുകാരൻ പഠിച്ചിരുന്നത്. എന്നാൽ അടുത്തിടെ വീട്ടിൽ തിരിച്ചെത്തി. വീട്ടിൽ നിന്ന് പഠിച്ചതോടെ പരീക്ഷയിൽ മാർക്ക് കാര്യമായി കുറഞ്ഞു. ഇതോടെയാണ് മകനെ ഹോസ്റ്റലിലേക്ക് പോകാൻ യുവറാണി നിർബന്ധിച്ചത്. ഇതിന്റെ പേരിൽ അമ്മയും മകനും തമ്മിൽ സ്ഥിരം വഴക്കായി. നിർബന്ധം തുടർന്നെങ്കിലും ഹോസ്റ്റലിലേക്ക് പോകില്ലെന്ന് മകൻ ഉറപ്പിച്ചുപറഞ്ഞു. അമ്മയെ ഇല്ലാതാക്കിയില്ലെങ്കിൽ വീണ്ടും ഹോസ്റ്റലിലേക്ക് പോകേണ്ടിവരും എന്നതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് മൊഴിനൽകിയത്. ഉറങ്ങിക്കിടക്കുമ്പോൾ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞദിവസം അർദ്ധരാത്രി പന്ത്രണ്ടുമണിയോടെയാണ് കൊലപാതകം നടന്നത്. ഉറങ്ങിക്കിടന്ന യുവറാണിയെ വലിയ ഹോളോബ്രിക്സും ഫ്ലർവർവേസും കൊണ്ടാണ് ആക്രമിച്ചത്. ശബ്ദം കേട്ടുണർന്ന മകൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയാണ്. നിലവിളികേട്ടെത്തിയ അയൽവാസികൾ യുവറാണിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ നിന്നാണ് പൊലീസ് പതിനഞ്ചുകാരനെ കസ്റ്റഡിയിലെടുത്തത്.