
ഉറങ്ങാൻ പോകുന്നതിന് മുൻപ് കണ്ണിനുള്ളിൽ നിന്ന് കോൺടാക്‌ട് ലെൻസ് എടുത്തുമാറ്റാൻ യുവതി മറന്നത് ഒന്നല്ല 23 തവണ. തന്നെ കാണാൻ എത്തിയ യുവതിയുടെ കണ്ണിനുള്ളിൽ നിന്ന് ഡോക്ടർ 23 ലെൻസുകൾ പുറത്തേയ്ക്ക് എടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. കാലിഫോർണിയയിലാണ് സംഭവം.
നേത്രരോഗ വിദഗ്ദ്ധയായ ഡോ.കത്രീന കുർത്തീവ പങ്കുവച്ച വീഡിയോ സമൂഹമാദ്ധ്യമ ഉപഭോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. കണ്ണിന് അസ്വസ്ഥതയുമായി തന്റെയടുക്കലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ കണ്ടത് മറന്നുവച്ചതുപോലെ ഒരു ലെൻസ്. കോട്ടൻ ബഡ് ഉപയോഗിച്ച് അതെടുക്കാൻ ശ്രമിച്ച ഡോക്ടർ ഞെട്ടി. ഒന്നിനുപുറകേ ഒന്നായി പുറത്തെത്തിയത് 23 ലെൻസുകൾ. എന്നാലിത് വിശ്വസിക്കാൻ രോഗി തയ്യാറായില്ല. ഒടുവിൽ ഡോക്ടർ എണ്ണിത്തന്നെ പറഞ്ഞുകൊടുത്തു. ഒരുമാസത്തോളമായി കണ്ണിനുള്ളിൽ ഇരിക്കുന്നതിനാൽ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു ലെൻസുകൾ കാണപ്പെട്ടത്.
പുറത്തുവന്നതിന് പിന്നാലെ അനേകം പേരാണ് വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. 2.9 ദശലക്ഷം വ്യൂസ് വീഡിയോയ്ക്ക് ലഭിച്ചു. എൺപതിനായിരത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 'ഉറങ്ങുന്നതിന് മുൻപ് കണ്ണിനുള്ളിൽ നിന്ന് ലെൻസ് എടുക്കാൻ മറക്കുകയും പിറ്റേന്ന് പുതിയത് വയ്ക്കുകയും ചെയ്ത അപൂർവ സംഭവം, അതും അടുപ്പിച്ച് 23 ദിവസം' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്.