
മിഠായിയുടെ ചില്ലറ വിൽപ്പനയിലുണ്ടായ ഇടിവിൽ കമ്പനികൾ നടത്തിയ അന്വേഷണം ചെന്നെത്തിയത് മൊബൈലുകളിൽ. മൊബൈലിലെ യു പി ഐ ആപ്പുകളാണ് രാജ്യത്തെ കോടിക്കണക്കിന് രൂപയുടെ വിൽപ്പനയുണ്ടായിരുന്ന വമ്പൻ കമ്പനികൾക്ക് 'പണി' നൽകിയത്. നോട്ട് നിരോധനത്തിന് ശേഷമാണ് രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവുണ്ടായത്. ഇതിന് കാരണക്കാരായത് യു പി ഐ ആപ്പുകളുടെ വർദ്ധിച്ച സ്വീകാര്യതയും.
മിഠായിക്ക് ആപ്പ് വച്ചതെങ്ങനെ
മിക്കവരും കടകളിൽ നിന്നും മിഠായി വാങ്ങിയിരുന്നത് സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കില്ല. സാധനങ്ങൾ വാങ്ങി കഴിയുമ്പോൾ ചില്ലറ നൽകാൻ ഇല്ലാതെ വരുമ്പോഴാണ് കടയുടമ മിഠായി സൂത്രം പ്രയോഗിക്കുന്നത്. മിഠായി വാങ്ങാതെ മറ്റു വഴികളില്ലാതിരുന്ന ഉപഭോക്താവിന് ഇപ്പോൾ യു പി ഐ ആപ്പുകൾ വലിയ അനുഗ്രഹമായി മാറി. ജനപ്രിയ മിഠായി ബ്രാൻഡുകളായ മൊണ്ടെലെസ്, മാർസ്, നെസ്‌ലെ, പെർഫെറ്റി വാൻ മെല്ലെ, പാർലെ, ഐടിസി എന്നിവയ്ക്ക് രാജ്യത്ത് 2020 മുതൽ വിൽപ്പനയിൽ കുത്തനെ ഇടിവുണ്ടായതായി ഗ്രോത്ത് എക്സ് സ്ഥാപകൻ അഭിഷേക് പാട്ടീൽ വെളിപ്പെടുത്തുന്നു.
മുൻപ് ചില്ലറ രൂപയുടെ സ്ഥാനം ഏറ്റെടുത്തിരുന്ന മിഠായികൾ എങ്ങനെയാണ് വൻ അപകടത്തിൽപ്പെട്ടതെന്ന് അദ്ദേഹം വിവരിക്കുന്നു. കൊവിഡിൽ പണം കൈ കൊണ്ട് തൊടാതെ 'കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് മോഡിലേക്ക്' ആളുകൾ മാറിയതും ഡിജിറ്റൽ ഇടപാടുകളിൽ വർദ്ധനവുണ്ടാക്കി.