europa-league

ലണ്ടൻ : കഴിഞ്ഞരാത്രി നടന്ന യൂറോപ്പ ലീഗ് ഫുട്ബാളിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ മുൻനിര ഇംഗ്ളീഷ് ക്ളബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിനും ആഴ്സനലിനും ജയം. മാഞ്ചസ്റ്റർ ഏകപക്ഷീയമായ ഒരു ഗോളിന് സൈപ്രസിൽ നിന്നുള്ള ക്ളബ് ഒമോനോയിയെയാണ് തോൽപ്പിച്ചത്. ഗോൾരഹിത സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച മത്സരത്തിന്റെ ഇൻജുറി ടൈമിന്റെ മൂന്നാം മിനിട്ടിൽ സ്കോട്ട് മിക് ടോമിനായിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്. ആഴ്സനൽ ഇതേ മാർജിനിൽ നോർവീജിയൻ ക്ളബ് ബോഡോ ഗ്ളിമിറ്റിനെ തോൽപ്പിച്ചു.24-ാം മിനിട്ടിൽ ബുക്കായോ സാക്കയുടെ വകയായിരുന്നു വിജയഗോൾ.

മറ്റ് മത്സരങ്ങളിൽ ഡച്ച് ക്ളബ് പി.എസ്.വി ഐന്തോവൻ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് എഫ്.സി സൂറിച്ചിനെ കീഴടക്കിയപ്പോൾ സ്പാനിഷ് ക്ളബ് റയൽ ബെറ്റിസ് ഇറ്റലിയൻ ക്ളബ് എ.എസ് റോമയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. പി.എസ്.വിക്ക് വേണ്ടി ജോയീ വീർമാൻ ഇരട്ട ഗോളുകളും എറിക് ഗുട്ടിറേസ്,ഇബ്രാഹിം സൻഗാരേ,അൻവർ എൽ ഗാസി എന്നിവർ ഓരോ ഗോളും നേടി.