asia-cup

ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റിന്റെ ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടുന്നു

ഉച്ചയ്ക്ക് ഒരു മണി മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

സിൽഹത്ത് : ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഏഴാം കിരീട സ്വപ്നവുമായി ഇന്ത്യ ഇന്ന് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ നേരിടുന്നു. ബംഗ്ളാദേശിലെ സിൽഹത്തിൽ ഉച്ചയ്ക്ക് ഒരു മണിമുതലാണ് കലാശപ്പോര്. ടൂർണമെന്റിനെ ചരിത്രത്തിൽ ഇതുവരെയുള്ള എല്ലാ ഫൈനലുകളിലും കളിച്ച ഇന്ത്യയ്ക്ക് കഴിഞ്ഞ എഡിഷനിൽ മാത്രമാണ് കിരീടം നഷ്ടമായിരുന്നത്.

കഴിഞ്ഞ ദിവസം സെമി ഫൈനലിൽ തായ്‌ലാൻഡിനെ കീഴടക്കിയാണ് ഇന്ത്യ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. പാകിസ്ഥാനെ ഒരു റൺസിനാണ് ശ്രീലങ്ക സെമിയിൽ മറികടന്നത്. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ പ്രാഥമിക ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യയ്ക്കായിരുന്നു. ഒക്ടോബർ ഒന്നിന് ശ്രീലങ്കയെ 41 റൺസിന് തോൽപ്പിച്ചുകൊണ്ടാണ് ഇന്ത്യ ഇത്തവണത്തെ ഏഷ്യാകപ്പിന് തുടക്കമിട്ടത്. അതേലങ്കയെത്തന്നെ കീഴടക്കി കിരീടമണിയുക എന്ന ലക്ഷ്യവുമായാണ് ഹർമൻ പ്രീത് കൗറും സംഘവും ഇന്നിറങ്ങുന്നത്.

ഏഴ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ പ്രാഥമിക ലീഗിലെ ആറു മത്സരങ്ങളിൽ അഞ്ചിലും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയിരുന്നത്.

ആദ്യ മത്സരത്തിൽ ലങ്കയെ തോൽപ്പിച്ച ഇന്ത്യ തുടർന്ന് മലേഷ്യയെയും യു.എ.ഇയെയും തോൽപ്പിച്ചു.

നാലാം മത്സരത്തിൽ പാകിസ്ഥാനോട് തോറ്റെങ്കിലും പിന്നീട് ബംഗ്ളാദേശിനെയും തായ്‌ലാൻഡിനെയും തോൽപ്പിച്ച് സെമിയിലെത്തി. സെമിയിൽ തായ്‌ലാൻഡിനെ ഒരിക്കൽക്കൂടി കീഴടക്കി.

ക്യാപ്ടൻ ഹർമൻ പ്രീത് കൗർ, വൈസ് ക്യാപ്ടൻ സ്മൃതി മന്ഥാന,ഷെഫാലി വെർമ്മ,ജെമീമ റോഡ്രിഗസ്,റിച്ച ഘോഷ്,പൂജ വസ്ത്രാകർ എന്നിവരാണ് ബാറ്റിംഗിലെ ഇന്ത്യയുടെ കരുത്ത്.

ബൗളിംഗിൽ രാജേശ്വരി ഗെയ്ക്ക്‌വാദ്,സ്നേഹ് റാണ,ദീപ്തി ശർമ്മ, രേണുക സിംഗ്,രാധാ യാദവ് എന്നിവരാണ് ഇന്ത്യയു‌ടെ ശക്തികേന്ദ്രങ്ങൾ

പ്രാഥമിക റൗണ്ടിലെ ആറു മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് ശ്രീലങ്കൻ വനിതകൾക്ക് ജയിക്കാൻ കഴിഞ്ഞത്. ഇന്ത്യയോടും പാകിസ്ഥാനോടും മാത്രമാണ് തോറ്റത്. എന്നാൽ അതേ പാകിസ്ഥാനെ സെമിയിൽ മറികടക്കാൻ കഴിഞ്ഞു.

നായിക ചമരി അട്ടപ്പട്ടു,അനുഷ്ക സഞ്ജീവനി,ഹർഷിത സമരവിക്രമ,ഹസിനി പെരേര,നിലാക്ഷി തുടങ്ങിയവരാണ് ലങ്കൻ ബാറ്റിംഗ് നിരയിലെ പ്രമുഖർ.

ഒഷാദി രണസിംഗെ,അചിനി കുലസൂര്യ,സുഗന്ധിക,കവിഷ ദിൽഹരി,ഇനോക്ക രണവീര തുടങ്ങിയവരുടെ ബൗളിംഗ് ഇന്ത്യയ്ക്ക് വെല്ലുവിളിയാകും.

5

ഇന്ത്യയും ശ്രീലങ്കയും ഏഷ്യാകപ്പ് ഫൈനലിൽ ഇറങ്ങുന്നത് ഇത് അഞ്ചാം തവണയാണ്. കഴിഞ്ഞ നാല് തവണയും ജയം ഇന്ത്യയ്ക്കായിരുന്നു.

8

ഏഷ്യാകപ്പ് ടൂർണമെന്റിന്റെ എട്ടാം എഡിഷനാണിത്. ഇന്ത്യ ഫൈനലിൽ കളിക്കുന്നതും എട്ടാം തവണ.

7
തങ്ങളുടെ ഏഴാം ഏഷ്യാകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ തവണമാത്രമാണ് ഇന്ത്യയ്ക്ക് കിരീടം നേടാൻ കഴിയാതെ പോയത്.

14

വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീലങ്ക ഏഷ്യാകപ്പ് ഫൈനലിലെത്തുന്നത്.2008ലാണ് ലങ്ക അവസാനമായി ഏഷ്യാകപ്പ് ഫൈനലിലെത്തിയത്.