covid-purchase-

തിരുവനന്തപുരം: കൊവിഡ് പർച്ചേസ് അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ലോകായുക്ത ഉത്തരവ്. മൂന്നിരട്ടി വിലയ്ക്ക് പി പി ഇ കിറ്റ് വാങ്ങിയതടക്കം അന്വേഷിക്കും. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, കെ എം സി എൽ ജനറൽ മാനേജർ ഡോ. ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോൺ​ഗ്രസ് പ്രവർത്തകയായ വീണ എസ്.നായരാണ് ഹർജി നൽകിയത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊവിഡിന്റെ തുടക്കത്തിൽ പി പി ഇ കിറ്റ്, ഗ്ളൗസ്, ഇൻഫ്രാറെഡ് തെർമോമീറ്റർ അടക്കമുള്ള സാധനങ്ങൾ വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് തെളിവുകളും പുറത്തുവന്നിരുന്നു. കുറഞ്ഞ വിലയ്ക്ക് ഇവ നൽകാൻ തയ്യാറായ കമ്പനികളെ ഒഴിവാക്കി വൻ തുകയ്ക്ക് വാങ്ങുകയായിരുന്നു.

എന്നാൽ ആരോപണങ്ങളെല്ലാം നിയമസഭയിൽ ഉൾപ്പടെ തള്ളിക്കളയുകയാണ് മുഖ്യമന്ത്രി ചെയ്തത്. അസാധാരണ സാഹചര്യത്തെ നേരിടാൻ അസാധാരണ നടപടി വേണ്ടി വന്നു. അതിനെ അഴിമതിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്.