
ഇസ്ലാമാബാദ് : ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്ഥാനിൽ സ്ത്രീകളൊട്ടും സുരക്ഷിതരല്ലെന്ന് റിപ്പോർട്ട്. ഇവിടെ ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ ബലാത്സംഗത്തിനിരയാകുന്നു എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര വകുപ്പിൽ നിന്നും മനുഷ്യാവകാശ മന്ത്രാലയത്തിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രമുഖ പാക് ചാനൽ റിപ്പോർട്ട് തയ്യാറാക്കിയത്. ബലാത്സംഗ കുറ്റങ്ങളിൽ പ്രതിയാക്കപ്പെടുന്നവരിൽ കേവലം 0.2 ശതമാനം പേർ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. രാജ്യത്ത് സ്ത്രീകൾ അനുഭവിക്കുന്ന വെല്ലുവിളികളെ കുറിച്ചാണ് റിപ്പോർട്ട് വെളിച്ചം വീശുന്നത്.
2017 മുതൽ 2021 വരെ പാകിസ്ഥാനിൽ 21,900 സ്ത്രീകൾ ബലാത്സംഗത്തിനിരയായതായി ഡാറ്റ കാണിക്കുന്നു. ശരാശരി എടുത്താൽ രാജ്യത്തുടനീളം പ്രതിദിനം 12 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു. എന്നാൽ പ്രതികാരവും, നാണക്കേടും ഭയന്ന് കൂടുതൽ പേരും പൊലീസിൽ പരാതി പറയാൻ തയ്യാറാകുന്നില്ല. കണക്കുകൾ പ്രകാരം, 2017 ൽ 3,327 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2018 ൽ ഇത് 4,456 കേസുകളായി ഉയർന്നു. 2019 ൽ 4,573 കേസുകളും 2020 ൽ 4,478 കേസുകളും 2021 ൽ 5,169 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ വർഷം കോടതി പരിഗണിച്ച കേസുകളിൽ വെറും നാല് ശതമാനം ബലാത്സംഗ കേസുകളിൽ മാത്രമാണ് വിചാരണ നടപടികൾ ആരംഭിച്ചത്. ബലാത്സംഗക്കേസുകളിലെ ശിക്ഷാ നിരക്ക് 0.2 ശതമാനമായി തുടരുന്നതായി റിപ്പോർട്ട് എടുത്തുകാട്ടി.
സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിലും, സ്ത്രീവിരുദ്ധ നിലപാടുകളിലും പാകിസ്ഥാൻ ലോകരാജ്യങ്ങളിൽ ആദ്യ സ്ഥാനത്താണ്. സ്ത്രീവിരുദ്ധ പക്ഷപാതമുള്ള 75 രാജ്യങ്ങളുടെ പട്ടികയിലാണ് 2020ൽ യു എൻ പാകിസ്ഥാനെ ഒന്നാം സ്ഥാനത്ത് അവരോധിച്ചത്. ലിംഗസമത്വത്തിന്റെ കാര്യത്തിൽ 146 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ 145ാം സ്ഥാനത്താണ് പാകിസ്ഥാൻ. പാകിസ്ഥാന് മുന്നിലുള്ളത് അഫ്ഗാനിസ്ഥാൻ മാത്രമാണ്. പീഡനങ്ങൾക്കൊപ്പം ദുരഭിമാനക്കൊലകളുടെ പട്ടികയിലും പാകിസ്ഥാൻ മുൻപിലുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ 1,957 ദുരഭിമാനക്കൊലകൾ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.