k-surendran

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ കഴിവുകൾ നേതൃത്വം ഉപയോഗപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയെ ഒതുക്കുന്നു എന്ന് പറഞ്ഞവർ ഇപ്പോൾ അദ്ദേഹം വന്നപ്പോൾ പുതിയ കാരണങ്ങൾ കണ്ടുപിടിക്കുകയാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. ഞങ്ങളുടെ പാർട്ടിയിൽ ആരാണ് കാര്യങ്ങൾ നിർവഹിക്കേണ്ടതെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വളരെ കാലമായി ബിജെപി സഹയാത്രികനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. അദ്ദേഹം വളരെ ശക്തനായ പൊതുപ്രവർത്തകനാണ്. അദ്ദേഹത്തിന്റെ കഴിവുകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നത് പാർട്ടിക്ക് നല്ല കാര്യമാണ്. സുരേഷ് ഗോപി ബിജെപി കോർ കമ്മിറ്റിയിൽ വരുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നയാൾ ഞാനാണ്. സുരേഷ് ഗോപിയെ ഒതുക്കുന്നു എന്ന് പറഞ്ഞത് ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ സുരേഷ് ഗോപി വന്നപ്പോൾ പുതിയ കാരണങ്ങൾ കണ്ടുപിടിക്കുകയാണ്. സുരേഷ് ഗോപി ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വളരെ ഭംഗിയായിട്ട് അദ്ദേഹത്തിന്റെ ധർമ്മം നിർവഹിക്കുന്നു. ഞങ്ങളുടെ പാർട്ടിയിൽ ആരാണ് കാര്യങ്ങൾ നിർവഹിക്കേണ്ടതെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നത്.'- കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രമാണ് കോർ കമ്മിറ്റിയിൽ വരുന്നത്. പതിവ് നടപടികൾ മറികടന്നാണ് സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര നിർദേശപ്രകാരമാണ് പാർട്ടിയിലെ പതിവ് രീതികൾ മാറ്റി താരത്തെ ഉൾപ്പെടുത്തിയത്.