modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിയ്‌ക്കെതിരായ ആം‌ആദ്‌മി പാർട്ടി നേതാവിന്റെ പരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി. ആം ആദ്‌മി പാർട്ടി ഗുജറാത്ത് അദ്ധ്യക്ഷൻ ഗോപാൽ ഇതാലിയയുടെ പഴയ വീഡിയോയിൽ 100 വയസുകാരിയായ ഹീരാബെനിനെ പരിഹസിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയ്‌ക്കെതിരെയും മോശം ഭാഷയിലാണ് ഗോപാൽ പ്രതികരിച്ചത്.

പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ച് മോശമായി പ്രതികരിച്ചാൽ പ്രശസ്‌തി ലഭിക്കുമെന്ന് കരുതിയെങ്കിൽ തെറ്റിപ്പോയെന്നും ഗുജറാത്തും ഗുജറാത്തികളും ഇതിന് രാഷ്‌ട്രീയ മറുപടി നൽകുമെന്നും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പ്രതികരിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ നിർദ്ദേശപ്രകാരമാണ് ഗോപാൽ ഇതാലിയ ഇത്തരത്തിൽ അഭിപ്രായപ്പെട്ടതെന്നും ഹിന്ദു സമൂഹത്തിനും ക്ഷേത്രത്തിൽ ആരാധനയ്‌ക്ക് പോകുന്ന സ്‌ത്രീകളെയും ഗോപാൽ പരിഹസിച്ചതായും സ്‌മൃതി ഇറാനി പറഞ്ഞു. കേജ്‌രിവാളിന്റെ രാഷ്‌ട്രീയ പദ്ധതികൾ തടയുന്ന മോദിയ്‌ക്ക് ജന്മം നൽകി എന്നത് മാത്രമാണ് ഹീരാബെന്നിന്റെ കുറ്റമെന്നും മന്ത്രി അറിയിച്ചു.