
പ്രമേഹ രോഗികൾ കിഴങ്ങുവർഗങ്ങൾ കഴിക്കുന്നത് പരമാവധി കുറയ്ക്കണം എന്നാണ് ഡാേക്ടർമാർ പറയുന്നത്. കാർബോ ഹൈഡ്രേറ്റാണ് ഇതിന് പ്രധാന കാരണം. എന്നാൽ പ്രമേഹരോഗികൾക്ക് ഭയപ്പെടാതെ കഴിക്കാൻ കഴിയുന്ന ഒരു കിഴങ്ങുവർഗമാണ് മധുരക്കിഴങ്ങ്. പേരിൽത്തന്നെ മധുരമുണ്ടെങ്കിലും ഇത് കഴിക്കുന്നത് പ്രമേഹരോഗികൾക്ക് പ്രശ്നമുണ്ടാക്കില്ലെന്ന് അമേരിക്കയിൽ അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ക്രോമിയം ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരിയായ രീതിയിൽ ക്രമീകരിക്കുകയും ചെയ്യുന്നു. മറ്റു കിഴങ്ങുവർഗങ്ങളെ അപേക്ഷിച്ച് മധുരക്കിഴങ്ങിൽ ഗ്ലൈസീമിക് ഇൻഡക്സ് (രക്തത്തിലെ പഞ്ചസാരയുടെ നില ഉയർത്താനുള്ള കഴിവ്) കുറവായതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പകുതി വേവിച്ച് സാലഡ് രൂപത്തിലോ ബേക്ക് ചെയ്തോ ഗ്രിൽ ചെയ്തോ ഇവ കഴിക്കുന്നതാണ് ഏറെ നന്നെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. തൊലി കളയാതെ നന്നായി കഴുകി എണ്ണയിൽ വറുത്തോ പൊരിച്ചോ ആണ് പ്രമേഹക്കാർ കഴിക്കേണ്ടത്. പക്ഷേ, പുഴുങ്ങി കഴിക്കുന്നത് അത്ര നല്ലതല്ല.
മഞ്ഞ, വെള്ള, പൾപ്പിൾ എന്നിങ്ങനെയുള്ള നിറങ്ങളിലാണ് മധുരക്കിഴങ്ങ് കൂടുതലായും കണ്ടുവരുന്നത്. ജന്മദേശം ലാറ്റിൻ അമേരിക്കയിലാണെങ്കിലും ഏഷ്യയിലാണ് കൂടുതലായി ഉദ്പാദിപ്പിക്കുന്നത്. ഏത് കാലാവസ്ഥയിലും എളുപ്പത്തിൽ വളരും എന്നതും അധികം ശ്രദ്ധയില്ലാതെ തന്നെ മികച്ച വിളവ് കിട്ടും എന്നതും ഇതിന്റെ പ്രത്യേകതയാണ്.
നല്ല ഇളക്കവും വളക്കൂറുള്ളതുമായ മണ്ണാണ് മധുരക്കിഴങ്ങ് കൃഷിക്ക് ഏറെ യോജിച്ചത്. നന്നായി കിളച്ചോ ഉഴുതോ ആണ് നിലം ഒരുക്കേണ്ടത്. പിന്നീട് സെന്റൊന്നിന് 30-40 കിലോ എന്ന തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കി നിരപ്പാക്കണം . തുടർന്ന് തടം കോരണം. ഇതിലാണ് കൃഷിയിറക്കേണ്ടത്.
വള്ളിത്തലകളോ കിഴങ്ങോ നടീൽ വസ്തുവായി ഉപയോഗിക്കാം. കിഴങ്ങാണ് എടുക്കുന്നതെങ്കിൽ കീട ബാധ ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കണം. 20-30 സെ.മീ വലിപ്പത്തിലാണ് നടാനായി വള്ളികൾ മുറിച്ചെടുക്കേണ്ടത്. വള്ളിയുടെ നടുഭാഗത്താണ് മണ്ണിട്ടുമൂടേണ്ടത്. രണ്ടറ്റവും മണ്ണിന് പുറത്തേക്ക് ഉയർന്ന് നിൽക്കണം. ആവശ്യത്തിന് ജല ലഭ്യത ഉറപ്പുവരുത്താൻ മറക്കരുത്. വള്ളികൾ മുളച്ചുകഴിഞ്ഞാൽ കളകൾ നശിപ്പിക്കണം. തുടർന്ന് ആവശ്യമായ സമയത്ത് വളപ്രയോഗം നടത്തണം. ആവശ്യമുണ്ടെങ്കിൽ മാത്രം ജൈവ കീടനാശിനി പ്രയോഗിക്കാം. വള്ളികൾ നീണ്ടുവളരുന്നതിനനുസരിച്ച് മുട്ടുകൾ തോറും മണ്ണിട്ടുമൂടിയാൽ വിളവ് കൂടുതൽ ലഭിക്കും. ഉത്സവ സീസണിലുൾപ്പടെ ആവശ്യക്കാർ എപ്പോഴും ഉണ്ടാവും. കിലോയ്ക്ക് മുപ്പത് രൂപയ്ക്ക് മേൽ കിട്ടുകയും ചെയ്യും.