
ചെന്നൈ : രാജ്യത്തെ റെയിൽവേ സംവിധാനങ്ങളിൽ മാറ്റത്തിന്റെ കൊടി വീശിയ, അതിവേഗക്കാരൻ വന്ദേ ഭാരത് സർവീസ് ഇനി ദക്ഷിണേന്ത്യയിലും. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് നവംബർ 10 മുതൽക്കാണ് സർവീസ് ആരംഭിക്കുന്നത്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട് -കർണാടക എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ചെന്നൈ - ബംഗളൂരു - മൈസൂരു പാതയിലാവും വന്ദേ ഭാരത് സർവീസ് നടത്തുക.
അടുത്തിടെയാണ് ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തെ മൂന്നാമത്തേതും നാലാമത്തേതുമായ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. പ്രധാനമന്ത്രിയാണ് രണ്ടിടത്തും സർവീസ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സർവീസ് ആരംഭിച്ചത്. ഉനയിൽ നിന്നു രാജ്യ തലസ്ഥാനത്തേയ്ക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഉനയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള യാത്രാ സമയം ഇതോടെ രണ്ട് മണിക്കൂർ കുറയും.
ഇപ്പോൾ നിർമ്മിക്കുന്നത് വന്ദേ ഭാരത് 2.0യാണ്. ഇത് മുൻ പതിപ്പിനേക്കാൾ ആധുനികമാണ്. ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനായുള്ള കവച് സംവിധാനം ഇതിലൊരുക്കിയിട്ടുണ്ട്. ഭാരം കുറഞ്ഞതും അതിവേഗത്തിൽ യാത്ര ചെയ്യാൻ കഴിവുള്ളതുമാണ് ബോഗികൾ.