gyanvapi-masjid

വാരാണസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ കുളത്തിൽ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹർജി കോടതി തള്ളി. കേസ് പരിഗണിക്കവേ വാരാണസി ജില്ലാ കോടതിയാണ് ഹർജിക്കാരായ ഹിന്ദു വിഭാഗത്തിന്റെ ആവശ്യം തള്ളിയത്. കാർബൺ ഡേറ്റിംഗ് പോലുള്ള പരിശോധനകൾ നടത്തുന്നത് പള്ളിയുടെ ഉൾഭാഗം സീൽ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും കോടതി പറഞ്ഞു.

നേരത്തെ, കേസില്‍ ഹര്‍ജിക്കാരായ ഹിന്ദുവിഭാഗത്തിന്റെയും എതിര്‍പക്ഷത്തുള്ള ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെയും വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. പള്ളി സമുച്ചയത്തില്‍ കാര്‍ബണ്‍ ഡേറ്റിംഗ് നടത്താനാവില്ലെന്നും അത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നുമാണ് മസ്ജിദ് കമ്മിറ്റി അന്തിമമായി വാദിച്ചത്. തുടര്‍ന്നാണ് ജില്ലാ ജഡ്ജി എ.കെ വിശേഷ് ഹര്‍ജി തള്ളിയത്.

വാരാണസിയില്‍ കാശിവിശ്വനാഥക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിലെ പള്ളിക്കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന് കോടതി നിര്‍ദേശപ്രകാരം സര്‍വേ നടത്തിയ അഭിഭാഷകർ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാലിത് ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണ് മസ്ജിദ് കമ്മിറ്റി പറയുന്നത്. തുടര്‍ന്നാണ് ശിവലിംഗത്തില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്നും കാലപ്പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്നും ഹിന്ദുവിഭാഗം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മസ്ജിദ് സമുച്ചയത്തിലെ പടിഞ്ഞാറെ മതിലിനടുത്തുള്ള വിഗ്രഹങ്ങളില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദുസ്ത്രീകള്‍ സമര്‍പ്പിച്ചതാണ് പ്രധാന ഹര്‍ജി. ഈ ഹര്‍ജി ആദ്യം പരിഗണിച്ച വാരാണസി സിവില്‍ കോടതിയാണ് കഴിഞ്ഞ മേയ് 16ന് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ അഭിഭാഷകകമ്മിഷനെ നിയോഗിച്ചത്. തുടര്‍ന്ന് സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കേസ് സിവില്‍ കോടതിയില്‍നിന്ന് ജില്ലാ കോടതിയിലേക്കു മാറ്റിയത്.