
തിരുവനന്തപുരം: മുൻ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ കൊവിഡ് കാലത്ത് പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ ക്രമക്കേട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നടന്നു എന്നുള്ള പരാതിയിൽ ലോകായുക്ത അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ശതകോടിക്കണക്കിന് രൂപയുടെ അഴിമതികൾ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഒന്നാം യുപിഎ സർക്കാരിന്റെതിന് സമാനമായ രീതിയിലാണ് പിണറായി സർക്കാരും പ്രവർത്തിച്ചത്. അഴിമതികൾ പുറത്തു വന്നത് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കഴിഞ്ഞ തവണ ചെയ്ത അഴിമതികളുടെ ഘോഷയാത്ര പുറത്തു വരുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ശൈലജയ്‌ക്കെതിരെ ഉയർന്ന ആരോപണം ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതാണ്. മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം. സംസ്ഥാനം മഹാമാരിയെ നേരിടുന്ന സമയത്ത് ഖജനാവ് കൊള്ളയടിച്ചവർ മാനവികതയുടെ ശത്രുക്കളാണ്. കേരളത്തിൽ ഇത്രയും കൂടുതൽ കൊവിഡ് മരണങ്ങളുണ്ടാകാൻ കാരണം ഇത്തരം അഴിമതികളായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.
കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ അനുവദിച്ച പണം അടിച്ചുമാറ്റിയതല്ലാതെ സംസ്ഥാന സർക്കാർ ഒരു രൂപ പോലും ജനങ്ങൾക്ക് നൽകിയിട്ടില്ല. കൊവിഡ് പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കമ്പ്യൂട്ടറിൽ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു എന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തന്നെ സമ്മതിക്കുന്ന രേഖകൾ പുറത്തുവന്നത് പിണറായി സർക്കാരിന്റെ കൊള്ളയുടെ വലുപ്പം എത്രത്തോളമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. അഴിമതിയുടെ കാര്യത്തിൽ ഒന്നാം പിണറായി സർക്കാരിനോട് മത്സരിക്കുകയാണ് രണ്ടാം പിണറായി സർക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.