
തിരുവനന്തപുരം: തലസ്ഥാനത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി വി.കെ.പ്രശാന്ത് എം.എൽ.എ പ്രഖ്യാപിച്ചു. ലീഡ് ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ നേതൃത്വത്തിൽ ഹോട്ടൽ എസ്.പി ഗ്രാന്റ് ഡേയ്‌സിൽ നടന്ന ബാങ്കിംഗ് അവലോകനസമിതി യോഗത്തിലാണ് പ്രഖ്യാപനം. ജില്ലാകളക്ടർ ജെറോമിക് ജോർജ് അദ്ധ്യക്ഷനായി. ഐ.ഒ.ബി ചീഫ് റീജിയണൽ മാനേജർ വി.എച്ച്.സുരേഷ് ആമുഖപ്രഭാഷണം നടത്തി. ജില്ലയിലെ 36 ബാങ്കുകളിലെ 45.77 ലക്ഷം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളും 1.27 ലക്ഷം ബിസിനസ് അക്കൗണ്ടുകളുമാണ് ഡിജിറ്റലായത്. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, എ.ടി.എം കാർഡ്, ആധാർ എനേബിൾഡ് പേമെന്റ് സർവീസ്, ക്യു.ആർ കോഡ് ഇവയിൽ ഏതെങ്കിലുമൊരു സൗകര്യമാണ് ഡിജിറ്റൽ ബാങ്കിംഗിനായി ഇടപാടുകാർക്ക് ഉപയോഗിക്കാനാവുക.
 വായ്പ നൽകിയത് 3970 കോടി
2022 - 23 സാമ്പത്തിക വർഷത്തിൽ ജൂൺ 30വരെ ജില്ലയിലെ ബാങ്കുകൾ 3970 കോടി വായ്പ നൽകിയതായി യോഗത്തിൽ ലീഡ് ബാങ്ക് അറിയിച്ചു. ഇതിൽ 2137 കോടിരൂപ കാർഷിക മേഖലയിലും 1510 കോടി ചെറുകിട വ്യവസായ മേഖലയിലും, 323 കോടി ഇതര മുൻഗണനാ മേഖലയിലുമാണ് നൽകിയത്. റിസർവ് ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ മുരളി കൃഷ്ണ, നബാർഡ് ജില്ലാവികസന ഓഫീസർ മിനു അൻവർ എന്നിവർ ബാങ്കുകളുടെ വായ്പാവിതരണം അവലോകനം ചെയ്തു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ജി. ശ്രീനിവാസപൈ സംസാരിച്ചു. ജില്ലയിലെ ബാങ്കുകളിലെ 2022 ജൂൺ വരെയുള്ള നിക്ഷേപം 1,02,938 കോടിയും വായ്പ 74,482 കോടി രൂപയുമാണ്.