cn

കുട്ടികാലങ്ങൾ രസകരമാക്കി തീർത്ത ഒന്നാണ് കാർട്ടൂൺ നെറ്റ്‌വർക്ക് ചാനൽ (സി എൻ )​.കുട്ടികൾ സ്കൂൾ കഴിഞ്ഞ് വന്നാൽ പിന്നെ ടിവിയുടെ മുന്നിൽ തന്നെയാണ്. നയന്റീസ് കിഡ്‌സിന്റെ ഒരു വികാരമായ ചാനലുകളിൽ ഒന്നായിരുന്നു കാർട്ടൂൺ നെറ്റ്‌വർക്ക്. എന്നാൽ ഇപ്പോൾ സി എൻ ചാനൽ ഷട്ട് ഡൗൺ ചെയ്യാൻ പോകുന്നു എന്നാ വാർത്തകൾ വരുന്നുണ്ട്. ടെഡ് ടർണർ 1992 ഒക്ടോബർ 1നാണ് ഈ ചാനൽ സ്ഥാപിച്ചത്. വാർണർ ബ്രോസിന്റെ അമേരിക്കൻ കേബിൾ ടെലിവിഷൻ ചാനലാണിത്.

ഏപ്രിലിൽ വാർണർ ബ്രോസിന്റെ സി ഇ ഒ ആയി ഡേവിഡ് സാസ്ലാവ് ചുമതലയേറ്റിരുന്നു. അന്നുമുതൽ കമ്പനിയിൽ നിന്ന് 3 ബില്യൺ ഡോളർ വെട്ടിക്കുറയ്ക്കുമെന്ന് ഡേവിഡ് സാസ്ലാവ് വാഗ്ദാനം ചെയ്തു. വേഗത്തിലുള്ള വെട്ടിക്കുറവുകൾ കാർട്ടൂൺ ശൃംഖലയെ നശിപ്പിക്കുമോ എന്ന ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു. കഴിഞ്ഞ ദിവസമാണ് വാർണർ ബ്രോസ് ആനിമേഷനും കാർട്ടൂൺ നെറ്റ്‌വർക്ക് സ്റ്റുഡിയോയും ലയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത വന്നത്. തുടർന്ന് വാർണർ ബ്രോസ് ടിവി ഗ്രൂപ്പിന്റെ സ്ക്രിപ്റ്റഡ് ,അൺസ്ക്രിപ്റ്റഡ്, ആനിമേഷൻ ഡിവിഷനുകളിൽ നിന്ന് 82 ജീവനക്കാരെ പിരിച്ചുവിട്ടു. ഇതിന് ശേഷമാണ് സി എൻ ചാനൽ ഷട്ട് ഡൗൺ ചെയ്യാൻ പോകുന്നു എന്ന വ്യാജ വാർത്തകൾ വന്നത് .

സി എൻ ചാനലിന് ആർ ഐ പി ആർപ്പിച്ചുകൊണ്ടുള്ള ഹാഷ് ടാഗുകൾ ട്വിറ്രറിൽ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുന്നു. എന്നാൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ചാനൽ അവസാനിപ്പിക്കുന്നില്ലെന്നും വ്യക്തമാക്കി വാർണർ ബ്രോസ് രംഗത്ത് വന്നു. വാർണർ ബ്രോസ് ടെലിവിഷൻ പുതിയ ജീവനക്കാരെ തേടുന്നതായും അതിന്റെ ബിസിനസ് മോഡൽ പുനഃക്രമീകരിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്.