-gujarat-election

ന്യൂഡൽഹി: ഗുജറാത്ത് പൊതു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ മാറ്റിവെച്ച ഇലക്ഷൻ കമ്മീഷൻ തീരുമാനം ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ബി ജെ പിയ്‌ക്കെതിരെ ആം ആദ്മി പാർട്ടി പാർട്ടി കനത്ത പ്രചരണം നടത്തി വരുന്ന ഗുജറാത്ത് സംസ്ഥാനത്തിലെ തിരഞ്ഞെടുപ്പ് തീയതിയ്ക്കായി രാ‌ജ്യമാകെ കാത്തിരിക്കുമ്പോഴായിരുന്നു ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ഹിമാചൽ പ്രദേശിന്റെ ഇലക്ഷൻ തീയതി മാത്രം പ്രഖ്യാപിക്കപ്പെട്ടത്. ബിജെപി ഭരിക്കുന്ന ഹിമാചലിലും ഗുജറാത്തിലും നിയമസഭാ കാലയളവ് പൂർത്തിയാകുന്നത് യഥാക്രമം ജനുവരി 8നും ഫെബ്രുവരി 18നുമാണ്. മന്ത്രിസഭ കാലയളവ് ഏകദേശം ഒരേ സമയം പൂർത്തിയാകുന്നതിനാൽ ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞടുപ്പ് തീയതിയും സാധാരണയായി ഒരു ദിവസമാണ് പ്രഖ്യാപിക്കാറുള്ളത്. വേട്ടെണ്ണലും ഈ സംസ്ഥാനങ്ങളിൽ ഒരേ ദിവസം തന്നെയാണ് നടക്കാറുള്ലത്.

രണ്ട് സംസ്ഥാനങ്ങളിലും നിയമസഭയ്ക്ക് ആറ് മാസം മാത്രം കാലാവധി ശേഷിക്കവേ ഗുജറാത്ത് ഇലക്ഷൻ തീയതി മാത്രം പ്രഖ്യാപിക്കാതെ മാറ്റി വെച്ചതിന്റെ കാരണവും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചിട്ടുണ്ട്. ഗുജറാത്ത് ഇലക്ഷൻ പ്രഖ്യാപിക്കാത്തതിൽ നിയമലംഘനം ഒന്നും തന്നെ നടന്നിട്ടില്ലെന്നാണ് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. രണ്ട് സംസ്ഥാനങ്ങളിലെയും ഇലക്ഷൻ റിസൾട്ടുകൾ പരസ്പരം ഏതൊരു തരത്തിലും ബാധിക്കാതിരിക്കാൻ അവ തമ്മിൽ കുറഞ്ഞതു 30 ദിവസത്തെ വ്യത്യാസം വേണമെന്നാണ് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

കൂടാതെ കാലാവസ്ഥ അടക്കമുള്ള പല കാര്യങ്ങളും ഹിമാചലിലെ തിരഞ്ഞെടുപ്പ് ആദ്യം നടത്തുന്നതിൽ സ്വാധീനിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. മ‌ഞ്ഞു വീഴ്ച ശക്തമാക്കുന്നതിന് മുൻപ് തന്നെ തിരഞ്ഞെടുപ്പ് നടത്തേണ്ടതായുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം 70 ദിവസങ്ങളിൽ നിന്നും 54 ദിവസങ്ങളാക്കി കുറച്ചതായും രാജീവ് കുമാർ അഭിപ്രായപ്പെട്ടു. ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പും വിധി പ്രഖ്യാപനവുമായി സാധാരണയുള്ളതിൽ കൂടുതൽ കാലതാമസമുള്ളതും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പലവിധത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വരുന്നതിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് നവംബർ 12-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും ഏകദേശം ഒരു മാസക്കാലയളവ് കഴിഞ്ഞ് ഡിസംബർ 8-നാണ് വോട്ടെണ്ണൽ നടക്കുന്നത്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഇടവേള ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി ഇതിനിടയിൽ തന്നെ പ്രഖ്യാപിക്കാനാണ് എന്നാണ് രാഷ്ട്രീയക്കാർ അടക്കമുള്ളവരുടെ അഭിപ്രായം. പക്ഷേ ഇപ്പോൾ പുറത്തു പറയാത്ത കാരണങ്ങൾ കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്തിലെ ഇലക്ഷൻ തീയതി ആരെയോ സഹായിക്കാനായി മാറ്റി വെച്ചിരിക്കുകയാണെന്ന ആരോപണമാണ് ഇക്കൂട്ടർ ഇയർത്തുന്നത്.

ഇതിന് മുൻപ് രണ്ട് സംസ്ഥാനങ്ങളിലും ഇലക്ഷൻ തീയതിയിൽ വ്യത്യാസം വന്നത് 2017ൽ മാത്രമായിരുന്നു. ഗുജറാത്ത് ഇലക്ഷൻ തീയതി വൈകിപ്പിക്കുന്നതിലൂടെ ഭരണത്തിലുള്ള ബി ജെ പി ഇനിയും നടപ്പിലാക്കാനുള്ള പദ്ധതികൾ തിടുക്കപ്പെട്ട് നടത്താനായി സമയം നേടിയിരിക്കുന്നതായാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തിൽ ഭരണം പിടിക്കാനായി ആം ആദ്മി തങ്ങളുടെ പാർട്ടി അദ്ധ്യക്ഷനായ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ മാസങ്ങളായി പ്രചരണ പരിപാടികൾ സംഘടിപ്പിച്ച് വരികയാണ്. ദേശീയ പാർട്ടിയായി വളരുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം പഞ്ചാബ് തിരഞ്ഞെടുപ്പിൽ നേടിയ വി‌ജയത്തിന്റെ തുടർച്ച ഗുജറാത്തിലും ആവ‌ർത്തിക്കാനാണ് ആം ആദ്മി ശ്രമിക്കുന്നത്.