crime

* കൂസലില്ലാതെ ഷാഫി

കൊച്ചി: നരബലി​ക്കേസി​ൽ ഒന്നാം പ്രതി​ മുഹമ്മദ് ഷാഫിയെയും​ ​മറ്റ് പ്രതി​കളായ ഭഗവൽസിംഗിനെയും ഭാര്യ ലൈലയെയും ഇന്നലെ പൊലീസ് രാവി​ലെ മുതൽ വൈകി​ട്ട് വരെ ചോദ്യം ചെയ്തു. ഷാഫി കൂസലില്ലാതെയാണ് പെരുമാറിയത്. എന്നാൽ ഭഗവൽസിംഗും ലൈലയും ചോദ്യങ്ങൾക്കു മുന്നിൽ പതറി,​ പരസ്പര വിരുദ്ധമായാണ് ഉത്തരം നൽകിയതെന്ന് പൊലീസ് പറഞ്ഞു.

കൊലയും ആഭി​ചാര ക്രി​യകളും നടന്ന ഇലന്തൂരി​ലെ വീട്ടി​ൽ ഷാഫി​ രണ്ട് പെൺ​കുട്ടി​കളെ എത്തി​ച്ചതി​നെക്കുറി​ച്ചും ചോദിച്ചു. ഇവരെ ബലി​ നൽകുന്നതിന്റെ ഭാഗമായാണോ കൊണ്ടുവന്നതെന്ന് പൊലീസ് വെളി​പ്പെടുത്തി​യി​ട്ടി​ല്ല.

രാവിലെ പത്തു മണി​യോടെ മൂവരെയും പൊലീസ് ക്ലബിൽ എത്തിച്ച് ഒറ്റയ്ക്കൊറ്റയ്ക്കും വെവ്വേറെയുമായി​രുന്നു ചോദ്യം ചെയ്യൽ. ഷാഫി​ കൂടുതൽ സ്ത്രീകളെ ഇരകളാക്കി​യി​ട്ടുണ്ടോ എന്ന് ഉറപ്പാക്കാനാണ് പൊലീസിന്റെ ശ്രമം. ഷാഫി​ ചോദ്യം ചെയ്യലി​നോട് ​ സഹകരി​ക്കുന്നി​ല്ലെന്നും രണ്ട് മൂന്ന് ദി​വസങ്ങൾക്കുള്ളി​ൽ ഇയാളി​ൽ നി​ന്ന് കാര്യങ്ങൾ മുഴുവനായി​ അറി​യാനാവുമെന്ന പ്രതീക്ഷയി​ലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി​ .

വ്യാഴാഴ്ച രാത്രി ഷാഫിയെ കടവന്ത്ര സ്റ്റേഷനിലും ഭഗവൽ സിംഗി​നെ മുളവുകാട് സ്റ്റേഷനിലും ലൈലയെ നോർത്ത് കസബ സ്റ്റേഷനിലും ആണ് പാർപ്പിച്ചിരുന്നത്.

ഷാഫി​യുടെ വീട്ടിലും

ഹോട്ടലിലും പരിശോധന

ഷാഫി​യുടെ ഗാന്ധി​നഗറി​ലെ വീട്ടി​ലും ഷേണായീസ് തീയേറ്ററി​ന് സമീപത്തെ അധീൻസ് ഹോട്ടലി​ലും മുളവുകാട് ഇൻസ്പെക്ടറും സംഘവും പരി​ശോധന നടത്തി. പരിശോധന വൈകിട്ട് നാല് വരെ തുടർന്നു. സാമ്പത്തി​ക ഇടപാടുകളുടെ രേഖകളും മറ്റും ഇവി​ടെ നി​ന്ന് കണ്ടെത്തി​യതായി​ സൂചനയുണ്ട്. ഇയാളുടെ ഭാര്യയെയും ചോദ്യം ചെയ്തു.