
മുംബയ് : മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഡൽഹി സർവകലാശാല പ്രൊഫസർ ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും,
ജസ്റ്റിസ് എം ആർ ഷാ, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് അവധി ദിനത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹർജി പരിഗണിക്കുന്നത്. ബോബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് സായിബാബയെയും കേസിൽ ശിക്ഷിക്കപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയത്.
2014 ലാണ് ജിഎൻ സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധമുള്ള റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു, മാവോയിസ്റ്റ് അനുകൂലമായി പ്രസംഗിച്ചു എന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. 2005 മുതൽ സംഘടനയുടെ നേതൃസ്ഥാനത്ത് സായിബാബയുടെ സാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തൽ. കേസിൽ ജെ എൻ യു വിദ്യാർഥി അടക്കം ആറ് പേർ അറസ്റ്റിലായി. 2017 ൽ യുഎപിഎ വകുപ്പുകൾ പ്രകാരം ഗച്ച് റോളിയിലെ സെഷൻസ് കോടതി എല്ലാവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പോളിയോ ബാധിച്ചു വീൽചെയറിലായ സായിബാബയ്ക്ക് ചികിത്സ പോലും നിഷേധിക്കുന്നതായി കുടുംബം ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി വിവിധ മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും രംഗത്തെത്തി. ഒടുവിലാണ് ബോംബെ ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കിയത്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും സ്റ്റേ ചെയ്യാതെ കോടതി വിശദമായ ഹർജി സമർപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.