t20-world-cup

മെൽബൺ: കളി നിയമങ്ങളിൽ നിരവധി മാറ്റങ്ങളുമായാണ് ഓസ്‌ട്രേലിയയിലെ ടി20 ലോകകപ്പ് മത്സരങ്ങൾ നടക്കുക. റൺറേറ്റിന്റെ നിരക്കിലും ബാറ്റിംഗിലും അടക്കം ബാധകമായി വരുന്ന ഈ നിയമങ്ങളിൽ ചിലത് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും ചില നിയമങ്ങൾ ലോകകപ്പ് മത്സരങ്ങളോടെയായിരിക്കും നിലവിൽ വരിക. ലോകകപ്പ് മത്സരാവേശത്തിന്റെ ഭാഗമാകാൻ കാത്തിരിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പുതിയ നിയമങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

മങ്കാദിംഗിനെ ഒഴിവാക്കി ഇനി റൺ ഔട്ട് മാത്രം.

ബോളർ പന്ത് എറിയുന്നതിന് മുൻപ് നോൺ സ്ട്രൈക്കർ ബാറ്റ്സ്മാൻ ക്രീസിന് പുറത്താണെങ്കിൽ ഔട്ട് ആക്കുന്ന രീതിയാണ് മങ്കാദിംഗ്. ഇത്തരത്തിൽ ഔട്ട് ആക്കുന്നതിനെ റൺ ഔട്ട് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഐ സി സി. ഇതോടെ മങ്കാദിംഗ് പ്രയോഗവും ഒഴിവാക്കപ്പെടും. ക്രിക്കറ്റിന്റെ മാന്യതയിൽപ്പെടാത്ത മങ്കാദിംഗ് സാധാരണയായി കൂകി വിളിച്ചാണ് ക്രിക്കറ്റ് ആരാധകർ സ്വീകരിക്കാറുള്ളത്. ഐ പി എൽ മത്സരത്തിനിടയിൽ രാജസ്ഥാൻ റോയൽസ് ടീം അംഗത്തെ അശ്വിൻ മങ്കാദിംഗ് വഴി പുറത്താക്കിയത് വലിയ വിവാദത്തിന് തന്നെ കാരണമായിരുന്നു. എന്തായാലും മങ്കാദിംഗ് നിയമവിധേയമായാലും ക്രിക്കറ്റ് ആരാധകർ അതിനെ റൺ ഔട്ട് അയി വിശേഷിപ്പിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.

കുറഞ്ഞ ഓവർ നിരക്കുണ്ടായാൽ ഗ്രൗണ്ടിൽ തന്നെ ശിക്ഷ.

ഓവർ നിരക്കിൽ കുറവ് അമ്പയർമാർക്ക് ബോദ്ധ്യപ്പെട്ടാൽ ഇനി മുതൽ ഗ്രൗണ്ടിൽ തന്നെ അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും. നിശ്ചിത സമയം പൂർത്തിയാകുന്നതിനുള്ളിൽ അവസാന ഓവറിലെ ആദ്യ പന്തെങ്കിലും ബോളർ എറിയാൻ തയ്യാറായിരിക്കണം. ഒരു ഇന്നിംഗ്സ് പൂർത്തിയാക്കാൻ സാധാരണ അനുവദിച്ചിട്ടുള്ല 90 മിനിറ്റിനുള്ളിൽ 18 ഓവറുകൾ ബോളർമാർ പൂർത്തിയാക്കണം. അങ്ങനെയല്ലെങ്കിൽ ബാക്കിയുള്ള ഓവറുകളിൽ ബൗണ്ടറിയ്ക്ക് ചുറ്റുമുള്ള സർക്കിളിൽ നാല് ഫീൽഡർമാരെ മാത്രമേ അനുവദിക്കുകയുള്ളു. അവസാന രണ്ട് ഓവറുകളിൽ ആയിരിക്കും അധിക ഫീൽഡറെ സർക്കിളിനകത്ത് ഉൾപ്പെടുത്താനാകുക.

ബാറ്റ്സ്മാൻ പിച്ചിൽ നിന്ന് തന്നെ ഷോട്ട് പായിക്കണം.

ബാറ്റ്സ്മാൻ ഷോട്ട് പായിക്കുന്നത് പിച്ചിനുള്ളിൽ നിന്ന് തന്നെ ആയിരിക്കണം. പിച്ചിന് പുറത്ത് നിന്ന് ഷോട്ട് പായിച്ചാൽ അത് ഡെഡ് ബോളായി കണക്കാക്കപ്പെടും.

കൂടാതെ ബാറ്റ്സ്മാൻ ക്യാച്ച് നൽകി ഔട്ടായാൽ പുതിയതായി വരുന്ന ബാറ്റ്സ്മാന് തന്നെ സ്ട്രൈക്ക് നൽകണം. ക്യാച്ച് എടുക്കുന്നതിന് മുൻപ് ബാറ്റ്സ്മാൻമാർ റണ്ണിനായി പരസ്പരം മറികടന്നാലും ഇത് ബാധകമായിരിക്കും

ഫീൽഡർ അനാവശ്യമായി അനങ്ങിയാൽ പിഴ.

ബോളർ റണ്ണപ്പ് പൂർത്തിയാക്കുന്നതിന് മുൻപ് ഫീൽ‌‌ഡർ അനാവശ്യമായി ചലിച്ച് ബാറ്റ്സ്മാന്റെ ശ്രദ്ധ തെറ്റിക്കാൻ ശ്രമിച്ചാൽ അത് ഡെഡ് ബോളായി കണക്കാക്കും. കൂടാതെ ബോളിംഗ് ടീമിന് അഞ്ച് റൺ പെനാൽറ്റിയിലൂടെ എതിർ ടീമിന് സമ്മാനിക്കേണ്ടി വരും.