kk

കിസാൻസഭാ നേതാവും സി.പി.ഐ ദേശീയസെക്രട്ടേറിയറ്റംഗവുമായ അതുൽകുമാർ അൻജാൻ സി.പി.ഐയുടെ ശക്തമായ മുഖമാണ്. ദേശീയനേതൃത്വത്തിലെ മുൻനിരനേതാവായ അതുൽകുമാറാണ് വിജയവാഡ പാർട്ടി കോൺഗ്രസിൽ സംഘടനാറിപ്പോർട്ട് അവതരിപ്പിക്കുക. കോൺഗ്രസിലേക്ക് പോയ കനയ്യകുമാറിനെ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഒറ്റയടിക്ക് സി.പി.ഐ ദേശീയകൗൺസിലിലേക്കുയർത്തിയത് നേതാക്കളുടെ പിഴവെന്ന് തുറന്ന് പറയുന്നു അദ്ദേഹം.

പാർട്ടി കോൺഗ്രസിന്റെ മുഖ്യ ചർച്ചാവിഷയമെന്താകും?

- 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി കോൺഗ്രസെന്ന നിലയിൽ വിജയവാഡയിലെ 24ാം പാർട്ടി കോൺഗ്രസിന് നിരവധി സാമൂഹ്യമാനങ്ങളുണ്ട്. ബി.ജെ.പി ഭരണത്തെ പരാജയപ്പെടുത്താനുതകുന്ന ഇടതു, മദ്ധ്യവർത്തി സമീപനത്തിലൂന്നിയുള്ള രാഷ്ട്രീയനിലപാടുകൾക്ക് രാജ്യത്തെ പ്രാദേശികകക്ഷികളുൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ ആത്മാർത്ഥമായി ഒരുമിക്കുമോയെന്നതാണ് പ്രധാനചോദ്യം. പ്രധാനമന്ത്രിയുടെ വാചാടോപങ്ങൾ രാജ്യത്തെ ജനങ്ങൾ തിരിച്ചറിയുന്നു. രാജ്യചരിത്രത്തെക്കുറിച്ച് പോലും കൃത്യമായ ബോദ്ധ്യമില്ലാതെയാണ് പ്രധാനമന്ത്രിയുടെ സംസാരം. മതം, ജാതി, ഭാഷ എന്നിവയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഖബറിസ്ഥാനോ ശ്മശാനോ എന്ന അനാവശ്യതർക്കങ്ങളുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാൻ നോക്കുന്നു.

? 2018ൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതരജനാധിപത്യ കക്ഷികളുടെ വിശാല ഐക്യത്തിന് ആഹ്വാനം ചെയ്ത സി.പി.ഐ ഇപ്പോൾ കോൺഗ്രസിനെ പേരെടുത്ത് വിളിക്കുന്നില്ലെന്ന് മാത്രമല്ല, അവരുടെ വിശ്വാസ്യതയെ സംശയിക്കുകയുമാണ്?

- നിർഭാഗ്യവശാൽ 2019ൽ കോൺഗ്രസ് കരുതിയത് അവർക്കൊറ്റയ്ക്ക് ബി.ജെ.പി ഭരണകൂടത്തെ തോല്പിക്കാനാകുമെന്നാണ്. രാജ്യത്തിന്റെ പരുക്കൻയാഥാർത്ഥ്യത്തെക്കുറിച്ച് അവർ ബോധവാന്മാരായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. പല ആഭ്യന്തരപ്രശ്നങ്ങളാൽ അവർക്ക് ശരിയായ പോരാട്ടം കാഴ്ചവയ്ക്കാനായില്ല. രാഹുൽഗാന്ധി എന്തിന് അമേത്തിയെ കൈവിട്ടു. ഇന്ദിരാഗാന്ധി ആർ.എസ്.എസ്- ബി.ജെ.പിയോടും ജനതാപാർട്ടിയോടും ഏറ്റുമുട്ടിയപ്പോഴൊന്നും റായ്ബറേലിയെ കൈവിട്ടിരുന്നില്ല. ഇദ്ദേഹം വയനാട്ടിൽ തന്നെ വന്നതെന്തിന്? അവിടത്തെ സാമൂഹ്യഘടന അറിയാമല്ലോ. എന്തുകൊണ്ട് തിരുവനന്തപുരത്ത് മത്സരിച്ചില്ല? വർഗീയശക്തികളെ എതിർക്കണമെങ്കിൽ അവരുടെ കടുത്ത വിമർശകരായിരിക്കണം. കേരളത്തിൽ 18 ദിവസമെടുക്കുന്ന ഭാരത് ജോഡോയാത്ര തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലെന്ത് കൊണ്ട് പോകുന്നില്ല. എന്തെങ്കിലും രഹസ്യധാരണയുണ്ടോ? നാഷണൽ ഹെറാൾഡ് കേസും വാധ്ര കേസുമൊക്കെ വരുന്നതിനാലാണോ? ജനങ്ങളുടെ കോടതിയിൽ ഇതിനുത്തരം നൽകേണ്ടിവരും.

? വൈരുദ്ധ്യം നിറഞ്ഞ വഴികളിലൂടെ നീങ്ങുന്ന പ്രാദേശികകക്ഷികളെയെല്ലാം ചേർത്തുപിടിച്ചെങ്ങനെ ബദൽ യാഥാർത്ഥ്യമാക്കും?

- വൈരുദ്ധ്യം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിസ്ഥാനസ്വഭാവമാണ്. ഇടതു, മദ്ധ്യവർത്തി സമീപനത്തിലേക്ക് എല്ലാവരെയും ഒരുമിപ്പിക്കാൻ മുൻകൈയെടുക്കാനാവുക ഇടതുപക്ഷത്തിനാണ്. 2004ൽ നമുക്കത് തെളിയിക്കാനായിട്ടുണ്ട്. നമ്മുടെ 64 എം.പിമാരാണ് അന്ന് യു.പി.എ സർക്കാരിനെ താങ്ങിനിറുത്തിയത്.

? ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ പൂർണവിജയമുറപ്പാണോ, പ്രത്യേകിച്ച് അധികാരവും പണവും കാര്യങ്ങൾ നിയന്ത്രിക്കുമ്പോൾ? ന്യൂനപക്ഷങ്ങൾ ഭയാശങ്കയിലാണ്?

- ജനങ്ങളാണ് അന്തിമമായ വിധിനിർണയിക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തെ വിശ്വാസമുണ്ട്. വലിയ പുരോഹിതരുമായൊക്കെ സംസാരിക്കുമ്പോൾ പറയുന്നത്, സി.പി.ഐക്ക് മാത്രമാണ് സ്ഥിരതയുള്ളത് എന്നാണ്. സി.പി.എമ്മിന് പോലുമല്ല. പാർശ്വവത്കരിക്കപ്പെട്ട ജനത കരുതുന്നത് അവരുടെ വോട്ടുകൾ ജനാധിപത്യപ്രക്രിയയിൽ എണ്ണപ്പെടുന്നില്ല എന്നാണ്. അവരെല്ലാം വിശ്വസിക്കുന്നത് ഇടത്, ജനാധിപത്യ പാർട്ടികളിൽ മാത്രമാണ്. അവർക്കെല്ലാം അവരുടെ മണ്ണിൽ ഭയമില്ലാതെ സ്വാതന്ത്ര്യത്തോടെ ജീവിക്കണം.

? വിശാല പ്രതിപക്ഷ കൂട്ടായ്മയെക്കുറിച്ച് പറയുമ്പോൾ ഹരിയാനയിൽ അടുത്തിടെ നടന്ന റാലിയിൽ സി.പി.എം പങ്കെടുത്തു, സി.പി.ഐ വിട്ടുനിന്നു..

- ഞങ്ങൾ അഴിമതിക്കും വർഗീയതയ്ക്കും കറുത്ത ശക്തികൾക്കുമെതിരെയാണ് പോരാടുന്നത്. അഴിമതിക്കും തട്ടിപ്പിനും താഴത്തെ കോടതി മുതൽ ഏറ്റവും ഉയർന്ന കോടതി വരെ കഠിനതടവിന് ശിക്ഷിച്ച ദേവിലാലിന്റെ മകൻ ഓംപ്രകാശ് ചൗതാലയും അദ്ദേഹത്തിന്റെ മകൻ അജയ് ചൗതാലയുമാണ് ആ റാലി സംഘടിപ്പിച്ചത്. പത്ത് വർഷം വരെ ജയിലിൽ കിടന്ന അവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഓംപ്രകാശ് ചൗതാലയുടെ പേരമകൻ ഹരിയാന ബി.ജെ.പിസർക്കാരിൽ ഉപമുഖ്യമന്ത്രിയാണ്. ഇതാണോ രാഷ്ട്രീയയുദ്ധം. നമുക്കെങ്ങനെ അതിൽ പങ്കാളിയാവാനാകും? ആശയപരമായ ശുദ്ധത വിഷയമല്ലെന്ന് സി.പി.എം ചിന്തിക്കുന്നുണ്ടാവാം. അതവരുടെ തീരുമാനം. അവർ മറ്റൊരു പാർട്ടിയാണല്ലോ.

? കമ്യൂണിസ്റ്റ് ഏകീകരണത്തോട് സി.പി.എം മുഖം തിരിക്കുന്നു?

- അവരാരാണ് അങ്ങനെ മുഖം തിരിക്കാൻ. ജനങ്ങൾ ഉറ്റുനോക്കുന്നത് രാജ്യത്ത് ആരാണ് നന്നായി പ്രവർത്തിക്കുന്നത് എന്നാണ്. ജ്യോതിബസു തന്നെ പറഞ്ഞില്ലേ, 1996ൽ പ്രധാനമന്ത്രിപദം സി.പി.എം നിരസിച്ചത് ചരിത്രപരമായ വിഡ്ഢിത്തമാണെന്ന്. ബി.ടി. രണദിവെ പ്രമുഖ ചരിത്രകാരൻ ബിപിൻചന്ദ്രയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്, ഞാനെന്റെ ജീവിതത്തിൽ ഒരുപാട് പിശകുകൾ വരുത്തിയിട്ടുണ്ടെന്ന്. രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിളർപ്പിലേക്ക് നയിക്കുന്നതിൽ നിർണായകപങ്ക് വഹിച്ചതാണ് അതിലൊന്ന് എന്നദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് പശ്ചിമബംഗാളിൽ നമ്മൾ തോറ്റത്? എന്തുകൊണ്ട് കേരളത്തിൽ തുടർച്ചയായി രണ്ടാമതും വിജയിച്ചു. കാരണം ബംഗാളിലേത് ഇടതുമുന്നണി മാത്രമാണ്. കേരളത്തിലേത് ഇടതുജനാധിപത്യമുന്നണിയാണ്. ജനത്തിന് വേണ്ടത് ഇടത്, ജനാധിപത്യമുന്നണിയെയാണ്.

? കോൺഗ്രസിനെയും ഒഴിച്ചുനിറുത്താനാവില്ലെന്നാണോ?

- കോൺഗ്രസ് പാൻ ഇന്ത്യൻ സ്വഭാവമുള്ള പാർട്ടിയാണ്. 1969ൽ ഇന്ദിരാഗാന്ധി കമ്യൂണിസ്റ്റുകാർക്കൊപ്പം ചേർന്നു. ഇടതുപാർട്ടികളുമായി നീക്കുപോക്കുണ്ടാക്കിയില്ലെങ്കിൽ കോൺഗ്രസിന് അതിജീവനം എളുപ്പമായിരിക്കില്ല. കമ്യൂണിസ്റ്റ് പാർട്ടികളുടെ സാന്നിദ്ധ്യം കൂടുതലുണ്ടാകുമ്പോൾ പാവപ്പെട്ട, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ചിന്തിക്കും ഈ സർക്കാർ നമുക്ക് വേണ്ടി നിലകൊള്ളുമെന്ന്. അത്രയും ആത്മവിശ്വാസമുണ്ടാകും. വിജയിക്കുമെന്ന വിശ്വാസമുയരുമ്പോൾ ഇവരെല്ലാം പിന്നിൽ അണിനിരക്കും.

? കമ്യൂണിസ്റ്റ് പാർട്ടി നൂറാം വാർഷികമാഘോഷിക്കാൻ പോവുന്നു. എന്തുകൊണ്ടാണിപ്പോഴും ഹിന്ദിബെൽറ്റിൽ പാർട്ടിക്ക് സ്വാധീനമുറപ്പിക്കാനാവാത്തത്. താങ്കളും യു.പിയിൽ നിന്നുള്ള നേതാവാണ്?

- നമ്മളൊരിക്കൽ ഹിന്ദി ബെൽറ്റിൽ ശക്തമായിരുന്നു. മണ്ഡൽ-കമണ്ഡൽ വിഷയം വന്നപ്പോൾ അത് നമ്മളെ ദുർബലപ്പെടുത്തി. രാമജന്മഭൂമി വിഷയവും ക്ഷീണിപ്പിച്ചു. പിന്നാക്ക, പാർശ്വവത്കൃത ജനതയ്ക്ക് മതിയായ പ്രാതിനിദ്ധ്യം വേണമെന്ന തത്വാധിഷ്ഠിത നിലപാട് ഞങ്ങളെടുത്തപ്പോൾ മേൽജാതിക്കാർ നമുക്കെതിരായി. പക്ഷേ, ഇന്ന് സാഹചര്യങ്ങളും ജനങ്ങളുടെ മനോഭാവവും മാറ്റാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടിയുള്ളത്. നൂറാം വാർഷികമാഘോഷിക്കുമ്പോൾ നമ്മൾ ഗ്രാമങ്ങളിലേക്കിറങ്ങാൻ പോകുന്നു. നമ്മളൊരു പാൻ ഇന്ത്യൻ പാർട്ടിയാണ്. ഇന്ത്യയിലെ മറ്റൊരു പാർട്ടിക്കും അതവകാശപ്പെടാനാവില്ല.

? പാർലമെന്ററി രാഷ്ട്രീയത്തിൽ സ്ഥിതി ദയനീയമാണ്

- അവിടെ ആദ്യം ഗോളടിക്കുന്നവരാണ് ജയിക്കുക. 51 വോട്ടുകൾ നേടുന്നയാൾ പരിഗണിക്കപ്പെടുമ്പോൾ 49 വോട്ടുകൾ നേടുന്നയാൾ പുറത്താകുകയാണ്. എല്ലാ വോട്ടുകളും അതിന്റെ എണ്ണവും പരിഗണിക്കപ്പെടണം. അങ്ങനെയാവുമ്പോഴാണ് പാർലമെന്റിന് പുറത്തുള്ള ശക്തി പരിഗണിക്കപ്പെടുക. അതുപോലെ, നമുക്കൊരിക്കലും ഹിന്ദുക്കളെല്ലാം ഒരുമിച്ച് നിൽക്കണമെന്നൊന്നും ആഹ്വാനം ചെയ്യാനാവില്ല. എല്ലാ മനുഷ്യരും ഒരുപോലെ പരിഗണിക്കപ്പെടണമെന്ന തത്വാധിഷ്ഠിത നിലപാടേ സ്വീകരിക്കാനാവൂ.

? ഹിന്ദിമേഖലയിലടക്കം പാർട്ടി സ്വാധീനം മെച്ചപ്പെടുത്താനുള്ള പരിപാടി പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുമോ?

- തീർച്ചയായും. ഈ പാർട്ടി കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുക പാർട്ടി സംഘടനാശാക്തീകരണത്തിനായിരിക്കും. മാറിയ കാലത്തിന് ആവശ്യമായ രാഷ്ട്രീയതന്ത്രമേതെന്ന് ചർച്ച ചെയ്യും. മാറിയ കാലത്തിൽ സംഘടന എത്രത്തോളം പരമപ്രധാനമാണ്, എങ്ങനെ നിഷേധസമീപനങ്ങളെയും കുതന്ത്രങ്ങളെയുമെല്ലാം അതിജീവിച്ച് മുന്നേറാം എന്നെല്ലാമാണ് റിപ്പോർട്ട് ചർച്ച ചെയ്യുക.

? യുവാക്കളെ ആകർഷിച്ച് നിറുത്താനാവുന്നില്ലെന്ന വിമർശനമില്ലേ? നേരിട്ട് ദേശീയകൗൺസിലിലേക്കുയർത്തിയ കനയ്യകുമാറിലർപ്പിച്ച പ്രതീക്ഷ തകർന്നില്ലേ. അദ്ദേഹം കോൺഗ്രസിലേക്ക് പോയി

- നമ്മളൊരു സിനിമയാണോ ഓടിക്കുന്നത്? നിങ്ങളുടെ മോഹൻലാലും യേശുദാസും ഇപ്പോഴും യുവാക്കളെ ആകർഷിക്കുന്നതെന്തുകൊണ്ടാണ്? കമ്യൂണിസ്റ്റ് പാർട്ടി റാലികളിൽ നിങ്ങൾ ശ്രദ്ധിക്കൂ. 60 ശതമാനം പേരും യുവാക്കളാണ് അണിചേരുന്നത്. ഗ്രാമീണ ഇന്ത്യയിൽ യുവാക്കൾ അണിചേരുന്നു. കൊല്ലം പാർട്ടി കോൺഗ്രസിൽ ചിലരെ വഴിവിട്ട് നമ്മൾ ഉയർത്തി, അവർ പിന്നിൽ നിന്ന് കുത്തി. അത് നമ്മുടെ നേതാക്കളുടെ തെറ്റായ കണക്കുകൂട്ടലിൽ സംഭവിച്ചതാണ്. അത് നമ്മളെ പാഠം പഠിപ്പിച്ചു. അന്നത്തെ പ്രമോട്ടർമാരെല്ലാം ഇപ്പോൾ മൗനം പാലിക്കുകയാണ്.

? പ്രായപരിധി നിബന്ധന പാർട്ടി ഘടകങ്ങളിൽ കൊണ്ടുവരുന്നത് കേരളത്തിൽ വിവാദമായി?

- കേരളത്തിലെല്ലാം വിവാദമാണ്. മാർഗരേഖ കൊണ്ടുവന്നത് ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകാനാണ്. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെ അനുഭവങ്ങളെ പാർട്ടി ശരിയായി ഉപയോഗപ്പെടുത്തും. എന്ത് തീരുമാനങ്ങളെടുക്കുന്നതും പാർട്ടിയുടെ മെച്ചപ്പെടുത്തലിനാണ്.

? മാർഗരേഖ നടപ്പാക്കിയാലും സജീവമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന കെ.ഇ. ഇസ്മായിലിനെ പോലുള്ള മുതിർന്ന നേതാക്കൾക്ക് ഇളവുണ്ടാകുമോ

- അദ്ദേഹം പാർട്ടിക്ക് വേണ്ടി ഇനിയും സേവനം ചെയ്യാനുതകുന്ന അവസ്ഥയിലാണെങ്കിൽ തീർച്ചയായും പാർട്ടി അഭിമാനത്തോടെ ആ സേവനം സ്വീകരിക്കും. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ.

? ജനറൽസെക്രട്ടറി മാറുമോ?

- പാലത്തിലെത്തും മുമ്പേ അത് മുറിച്ച് കടക്കരുതെന്ന ചൊല്ലുണ്ട്. നാല് ദിവസത്തെ പാർട്ടി കോൺഗ്രസ് ചേരുകയാണ്. സുതാര്യമായ പാർട്ടിയാണ്. ജനാധിപത്യപരമായാണ് എല്ലാം തീരുമാനിക്കുന്നത്.

? കോൺഗ്രസിൽ എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ, താങ്കളെങ്ങനെ നോക്കിക്കാണുന്നു...

- ഇതൊരു നല്ല കളിയാണ്. ആദ്യം ഗഹ്ലോട്ട്, ദിഗ്വിജയ് സിംഗ് പിന്നെ മറ്റൊരാൾ. ശശി തരൂർ മത്സരിക്കുന്നു. അദ്ദേഹം പറയുന്നു, മുതിർന്ന നേതാക്കളാരും അദ്ദേഹത്തെ പിന്തുണയ്ക്കാനെത്തുന്നില്ല എന്ന്. നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ ആരാണ് സ്ഥാനാർത്ഥി, ആരാണ് ഖാർഗെയെ പിന്തുണയ്ക്കുന്നത് എന്നെല്ലാം. തരൂർ ഒരു സൂത്രശാലിയാണ്. അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചയാളാണ്. എന്നെ സംബന്ധിച്ചിടത്തോളം രണ്ട് പേരും ഒരുപോലെയായാണ് തോന്നുന്നത്. ഒരാൾ വളരെ അനുഭവസമ്പത്തുള്ള നേതാവാണ്. മറ്റൊരാൾ കാണാൻ സിനിമാനടനെ പോലെ സുന്ദരൻ. അദ്ദേഹം പല പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെല്ലാം ഡാർലിംഗ് ആണ്. ഞാനെന്ത് പറയാനാണ് അവരെപ്പറ്റി? യു.എൻ ജനറൽസെക്രട്ടറി പദവിയിലേക്ക് മത്സരിച്ചയാളാണ് അദ്ദേഹം. അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ നയതന്ത്രജ്ഞനായി പ്രവർത്തിച്ചു. നയതന്ത്രജ്ഞനെന്ന നിലയിൽ പലരെയും ബന്ധപ്പെടാൻ സാധിക്കും. പക്ഷേ രാഷ്ട്രീയപാർട്ടിയിലെ ഇടപെടൽ വ്യത്യസ്തമാണ്. താഴെത്തട്ടിലിറങ്ങിപ്രവർത്തിക്കുക ബുദ്ധിമുട്ടുള്ളതാണ്. നിരവധി വർഷങ്ങൾക്ക് ശേഷം ഗാന്ധി കുടുംബം കോൺഗ്രസിൽ ഒരു മാസ്റ്റർ സ്ട്രോക്ക് നടത്തിയെന്നതാണ് ശ്രദ്ധേയം.