pak

ന്യൂയോർക്ക് : യു.എസ് സന്ദർശനത്തിനെത്തിയ പാകിസ്ഥാൻ ധനമന്ത്രി ഇഷാഖ് ദാറിന് നേരെ പ്രതിഷേധം. വാഷിംഗ്ടൺ ഡലിസ് വിമാനത്താവളത്തിൽ വച്ചായിരുന്നു സംഭവം. അന്താരാഷ്ട്ര നാണയനിധി ( ഐ.എം.എഫ് ), ലോക ബാങ്ക് വാർഷിക യോഗങ്ങളിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. യു.എസിലെ പാക് അംബാസഡർ മസൂദ് ഖാനും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.

ഇതിനിടെ വിമാനത്താവളത്തിലുണ്ടായിരുന്ന ചിലർ മന്ത്രിയെ ' കള്ളൻ", ' നുണയൻ " എന്ന് ഉറക്കെ രോഷത്തോടെ വിളിച്ചു. പ്രയോഗങ്ങൾ അതിരുവിട്ടതോടെ മന്ത്രിയും തിരിച്ചു ദേഷ്യപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നവരും പ്രതിഷേധം നടത്തിയ ഒരാൾക്ക് നേരെ കടുത്ത ഭാഷയിൽ തിരിച്ചടിച്ചു.

ഇതാദ്യമായല്ല ഒരു പാകിസ്ഥാൻ മന്ത്രിയ്ക്ക് നേരെ വിദേശത്ത് വച്ച് ഇത്തരം പ്രതിഷേധം അരങ്ങേറുന്നത്. ഏപ്രിലിൽ സൗദി അറേബ്യ സന്ദർശനത്തിനിടെ മദീനയിലെ മസ്ജിദ് - ഇ - നബ്‌വിയിൽ വച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെ‌ഹ്‌ബാസ് ഷെരീഫിനെ ' കള്ളൻ കള്ളൻ ' എന്ന് വിളിച്ചുകൊണ്ടാണ് അവിടെയുണ്ടായിരുന്ന ഒരു കൂട്ടം പാകിസ്ഥാനി തീർത്ഥാടകർ പ്രതിഷേധമറിയിച്ചത്. ഇവരെ സൗദി പൊലീസ് അറസ്​റ്റ് ചെയ്‌തിരുന്നു. പ്രധാനമന്ത്രിയായ ശേഷം ഷെ‌ഹ്‌ബാസിന്റെ ആദ്യ വിദേശ സന്ദർശനമായിരുന്നു അത്.