
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ടനരബലിയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പരിശോധനയ്ക്കുള്ള നീക്കവുമായി അന്വേഷണ സംഘം. ഭഗവൽസിംഗിന്റെ വീട്ടുവളപ്പിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് ഇവിടെ ശനിയാഴ്ച വിശദമായ പരിശോധന നടത്തും. വീട്ടുവളപ്പിൽ കൂടുതൽ കുഴികളെടുത്ത് പരിശോധന നടത്തും. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് നായ്ക്കളും ജെ.സി.ബിയും ഉൾപ്പെടെ തെരച്ചിലിന് ഉപയോഗിക്കും.
വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് തീരുമാനം. പദ്മം, റോസ്‌ലി എന്നിവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടെങ്കിൽ അവരുടെ മൃതദേഹവും ഈ വീട്ടുവളപ്പിൽ കുഴിച്ചിട്ടിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസിന്റെ പരിശോധന.
കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും എറണാകുളം പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു. ലൈലയെയും ഭഗവൽ സിംഗിനെയും ചോദ്യം ചെയ്തതിൽ ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടിരുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവർ പറയുന്നില്ലെങ്കിലും ഇവർ എന്തോ മറച്ചുവയ്ക്കുന്നു എന്ന സംശയം പൊലീസിനുണ്ട്. ഇതിനെത്തുടർന്നാണ് പരിശോധന. പ്രതികൾ മൂന്നുപേരെയും ഇലന്തൂരിലെത്തിച്ചാണ് പരിശോധന നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുക്കലും നടത്തും.