
കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിയായ യുവതിയുടെ പീഡന പരാതിയിൻ മേൽ കോഴിക്കോട് വനിതാ സെൽ പൊലീസ് ഖാസിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഖാസി മലപ്പുറം പരപ്പനങ്ങാടിയിൽ വെച്ച് രണ്ട് വർഷം മുൻപ് യുവതിയെ പീഡനത്തിന് വിധേയ ആക്കിയതായാണ് പരാതിയിൽ പറയുന്നത്.
പരാതിക്കാരിയുടെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് പീഡാനാരോപണത്തിന് പിന്നിൽ എന്നാണ് ഖാസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. യുവതിയുടെയും ഭർത്താവിന്റെയും കുടുംബ തർക്കം പരിഹരിക്കാൻ ഖാസി ഇടപ്പെട്ടിരുന്നു. ദമ്പതികളുടെ പ്രശ്നത്തിൽ ഖാസി ഒത്തു തീർപ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടർന്ന് ഖാസിയുമായി യുവതി തർക്കത്തിൽ ഏർപ്പെട്ടെന്നും പീഡന പരാതിയുമായി രംഗത്തെത്തുകയായിരുന്നു എന്നുമാണ് ഖാസിയുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനും ജാമ്യമില്ലാത്ത ഐ പി സി 376, 506 വകുപ്പുകളാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.