pinarayi-vijayan

തിരുവനന്തപുരം: പന്ത്രണ്ട് ദിവസത്തെ യൂറോപ്യൻ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി.ആരോഗ്യമന്ത്രി വീണാ ജോർജും തിരികെയെത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കുടുംബസമേതം മുഖ്യമന്ത്രി ദുബായിൽ നിന്ന് തിരികെ തിരുവനന്തപുരത്തെത്തിയത്. നോർവേ, യുകെ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിനും ദുബായിലെ സ്വകാര്യ സന്ദർശനത്തിനും ശേഷമായിരുന്നു മടക്കം. യൂറോപ്യൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകുമെന്നാണ് സൂചന.

വിദേശ നിക്ഷേപങ്ങൾ കേരളത്തിൽ എത്തിക്കുന്നതിനും സംസ്ഥാനത്തിന് ഉപകാരപ്രദമായ നിരവധി കരാറുകളിൽ ഒപ്പുവയ്ക്കുന്നതിനും പഠനങ്ങൾ നടത്തുന്നതിനും മറ്റുമായി മന്ത്രിമാരുടെ സംഘത്തോടൊപ്പം വിദേശത്തേയ്ക്ക് പോയ മുഖ്യമന്ത്രി കുടുംബത്തെ ഒപ്പം കൂട്ടിയത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട് സംസ്ഥാനത്തിന് എന്തുനേട്ടമുണ്ടായെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം രംഗത്തെത്തിയിരുന്നു.

അതേസമയം, വിദേശയാത്ര സംബന്ധിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ വിശദീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു. 'മന്ത്രിമാർ വന്നിറങ്ങിയില്ലല്ലോ. അതിന് മുമ്പ് ധൂർത്താണെന്ന് പറഞ്ഞാൽ പറ്റുമോ? ഭർത്താവ് മന്ത്രിയായാൽ ഭാര്യയ്ക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നില്ല. അവർ സ്വന്തം ചെലവിലാണ് വന്നത്. സ്വന്തം ഭാര്യമാരെയാണ് മന്ത്രിമാർ കൊണ്ടുപോയത്. നേട്ടങ്ങൾ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ട് വരുന്നത് പോലെയല്ല. അതെല്ലാം ഭാവിയിൽ കാണാം.'- ഇതായിരുന്നു ശിവൻകുട്ടിയുടെ വാക്കുകൾ.

മന്ത്രിമാരുടെ വിദേശയാത്ര നാടിന്റെ വികസനത്തിന് വേണ്ടിയാണെന്നും അല്ലാതെ ഉല്ലാസത്തിന് വേണ്ടിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നു. കേന്ദ്ര മന്ത്രി വി മുരളീധരന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം കേന്ദ്രസർക്കാരിനെ മുൻകൂട്ടി അറിയിച്ചില്ലെന്നായിരുന്നു വി മുരളീധരൻ പറഞ്ഞത്. ജനങ്ങൾ പ്രാണഭയത്തിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉല്ലാസയാത്രയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാണ് എം വി ഗോവിന്ദന്‍ മറുപടി നല്‍കിയത്.