
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലിയുടെ ദൃശ്യങ്ങൾ പ്രതികൾ പകർത്തിയതായി പൊലീസ് സംശയം. ഇത് സംബന്ധിച്ച് സൈബർ കുറ്റാന്വേഷകരുടെ സഹായത്തോടെ ഡാർക്ക് വെബിൽ പൊലീസ് പരിശോധന നടത്തും. ഡാർക്ക് വെബിലെ 'റെഡ് റൂമുകളിൽ' തത്സമയ കൊലപാതക ദൃശ്യങ്ങളും ആത്മഹത്യാ രംഗങ്ങളും പ്രത്യക്ഷപ്പെടാറുള്ളതായി വിവിധ റിപ്പോർട്ടുകളുണ്ട്. ഇലന്തൂരിലെ ദൃശ്യങ്ങളും ഇത്തരത്തിൽ അപ്പ്‌ലോഡ‌് ചെയ്തിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ഇലന്തൂരിലെ നരബലിക്കേസിൽ കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെയെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. പരിശോധനയ്ക്കായി ബന്ധുക്കളേത് ഉൾപ്പെടെയുള്ള ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചു.
അതിനിടെ, കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫി നരബലി ആസൂത്രണം ചെയ്യാൻ തയ്യാറാക്കിയ ശ്രീദേവി എന്ന വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലെ മൂന്ന് വർഷത്തെ സംഭാഷണങ്ങൾ പൊലീസ് വീണ്ടെടുത്തിരുന്നു. ഇതേ അക്കൗണ്ടിലൂടെ മറ്റ് ആരെയെങ്കിലും ഇയാൾ സമീപിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. സൈബർ വിദഗ്ദ്ധരുടെ സഹായം ഇതിനായി ചോദ്യം ചെയ്യലിൽ ഉപയോഗിക്കും.
പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി കാലയളവിൽ പ്രതികൾ കൂടുതൽ പേരെ ഇരകളാക്കിയിട്ടുണ്ടോ എന്ന വിവരങ്ങൾ പൊലീസ് ശേഖരിക്കും. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ പ്രത്യേക സംഘം തയ്യാറാക്കിയിരുന്നു. ഇലന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്ത്രീകളുടെ തിരോധാനവും വ്യാപകമായി പരിശോധിക്കുന്നുണ്ട്. എറണാകുളം, പത്തനംതിട്ട, കോട്ടയം അടക്കമുള്ള മൂന്ന് ജില്ലകളിലെ കേസുകൾ പ്രത്യേകം പരിശോധിക്കാൻ എ.ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നു.