
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം എൽ എയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിയ്ക്കും. എം എൽ എ പരാതിക്കാരിയായ അദ്ധ്യാപികയെ ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്. പതിനൊന്ന് മണിയ്ക്കാണ് കേസ് പരിഗണിക്കുന്നത്. ജാമ്യം ലഭിച്ചില്ലെങ്കിൽ എൽദോസ് ഹൈക്കോടതിയെ സമീപിക്കുമെന്ന സൂചനയുമുണ്ട്.
എം എൽ എയ്ക്ക് ജാമ്യം നൽകരുതെന്ന കടുത്ത നിലപാടായിരിക്കും പ്രോസിക്യൂഷൻ സ്വീകരിക്കുക. എന്നാൽ യുവതിയുടെ പരാതിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ജാമ്യം നേടിയെടുക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ അറസ്റ്റിലേയ്ക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു.
എൽദോസ് കുന്നപ്പിള്ളിക്കെതിരെ കെ പി സി സി കടുത്ത നടപടിയെടുക്കുമെന്നാണ് വിവരം. സസ്‌പെൻഷൻ അടക്കം പരിഗണനയിലുണ്ടെന്നാണ് സൂചന. എന്നാൽ എം എൽ എയുടെ വിശദീകരണം ലഭിച്ചതിന് ശേഷം മാത്രം നടപടിയെടുക്കാനാണ് കെ പി സി സിയുടെ തീരുമാനം. അദ്ധ്യാപികയുടെ പരാതിയിൽ എം എൽ എയ്ക്കെതിരെ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയതോടെയാണ് കെ പി സി സി നിലപാട് കടുപ്പിച്ചത്.
സ്ത്രീപക്ഷ നിലപാടായിരിക്കും പാർട്ടി സ്വീകരിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചിരുന്നു. ചിന്തൻ ശിബിരത്തിൽ എടുത്ത തീരുമാനമാണത്. എൽദോസ് കുന്നപ്പിള്ളിലുമായി ബന്ധപ്പെട്ട ആക്ഷേപം ഉയരുമ്പോഴും പാർട്ടി ഈ നിലപാടിൽതന്നെ ഉറച്ചുനിൽക്കുകയാണ്.കേസിനെ പ്രതിരോധിക്കുന്നതിനായി ഒരു മാർഗങ്ങളും തേടിയിട്ടില്ല. എൽദോസിൽ നിന്ന് വിശദീകരണം വേണമെന്ന് മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും, ഗൗരവത്തോടെയാണ് വിഷയത്തെ നോക്കിക്കാണുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.