
മലപ്പുറം: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചക്കേസിൽ മൂന്നുപേർ റിമാൻഡിൽ. ഇല്ലിക്കൽ സെയ്‌തലവി (60), കോയാമു (60), അബ്‌ദുൾ ഖാദർ (50) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പിന്നാലെ ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. രണ്ട് കേസുകളിലായാണ് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
2022 ജൂണിലും പിന്നീട് പലതവണയായും കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂൾ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അശ്ലീല വീഡിയോ കാണിച്ചായിരുന്നു പീഡനം. ഇതേകുട്ടിയെത്തന്നെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് മറ്റൊരു കേസ്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ച കേസിൽ 14 പേർക്കെതിരെ ഒറ്റപ്പാലം പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. ഒറ്റപ്പാലം സ്വദേശിയായ 17 കാരിയെ പീഡിപ്പിച്ചതായാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ജൂൺ ആദ്യവാരത്തോടെ പെൺകുട്ടിയെ കാണാതായിരുന്നു. പിന്നീട് കുട്ടിയെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ കുട്ടിയ്ക്ക് കൗൺസിലിംഗ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് എടുത്ത മൊഴിയിലാണ് പീഡനവിവരം പുറത്തുവരുന്നത്.
കൊല്ലം, തൃശൂർ, എറണാകുളം, വയനാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. 17കാരിക്ക് എം.ഡി.എം.എ, കഞ്ചാവ്, മദ്യം എന്നിവ നൽകിയ ശേഷമായിരുന്നു പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയെ നേരത്തെ ലഹരിക്കടത്തിനായി ലഹരി മാഫിയ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.