
തിരുവനന്തപുരം: കൊവിഡ് കാലത്ത് പി പി ഇ കിറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത് അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കേസിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇടപാടുകൾ നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഒരു അഴിമതിയും നടന്നിട്ടില്ലെന്നും ശൈലജ പ്രതികരിച്ചു.
'500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് അദ്ദേഹം നിർദേശം നൽകിയിരുന്നു. അൻപതിനായിരം കിറ്റിന് ഓർഡർ നൽകിയെങ്കിലും, 15,000 വാങ്ങിയപ്പോഴേക്ക് വില കുറഞ്ഞു. അതിനാൽ ബാക്കി കിറ്റുകൾ കുറഞ്ഞ വിലയ്ക്കാണ് വാങ്ങിയത്.'- കെ കെ ശൈലജ പറഞ്ഞു.
ആദ്യഘട്ടത്തിൽ അടിയന്തര സാഹചര്യത്തിലാണ് പർച്ചേസ് നടത്തിയതെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് അന്ന് പരിഗണന നൽകിയതെന്നും മുൻമന്ത്രി വ്യക്തമാക്കി. കാര്യങ്ങൾ ലോകായുക്തയെ ബോദ്ധ്യപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
കേസിൽ കെ കെ ഷൈലജ അടക്കം ഒൻപത് പേർക്ക് ലോകായുക്ത കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. പ്രാഥമികാന്വേഷണത്തിൽ, കേസിൽ കഴമ്പുണ്ടെന്ന നിഗമനത്തിലെത്തിയാണ് നടപടി. ഡിസംബർ എട്ടിന് ഹാജരായി വിശദീകരണം നൽകണമെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.