liqour

പനാജി: ബിയറിനുള്ള എക്‌സൈസ് തീരുവ ലിറ്ററിന് പത്ത് മുതൽ പന്ത്രണ്ട് രൂപ വരെ വർദ്ധിപ്പിച്ച് ഗോവൻ സർക്കാർ. സംസ്ഥാനത്തെ മദ്യവ്യവസായത്തിന് വലിയ തിരിച്ചടിയായിരിക്കും പുതിയ നടപടി നൽകുക. രാജ്യത്ത് ഏറ്റവും വിലക്കുറവിൽ മദ്യം ലഭിക്കുന്ന സംസ്ഥാനമായിരിക്കില്ല ഗോവയെന്ന സൂചനകൾ നേരത്തെതന്നെ പുറത്തുവന്നിരുന്നു.

ഗോവയിൽ നിന്ന് മദ്യം എത്തിക്കുന്നത് മഹാരാഷ്ട്ര സർക്കാർ തടഞ്ഞ അവസരത്തിലാണ് ബിയറിന്റെ വില വർദ്ധിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത്. ഗോവയിൽ നിന്ന് സംസ്ഥാനത്ത് മദ്യം എത്തിക്കുന്നവർക്കെതിരെ കൺട്രോൾ ഒഫ് ഓർഗനൈസ്‌ഡ് ക്രൈം ആക്ട് പ്രയോഗിക്കുമെന്ന് മഹാരാഷ്ട്ര ഭീഷണിപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ഗോവയേക്കാൾ കുറഞ്ഞ വിലയിലാണ് വിദേശമദ്യം വിൽക്കുന്നത്. ഇക്കാരണത്താൽ ഗോവയിൽ വിദേശമദ്യ വിൽപ്പനയിൽ മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ധനവകുപ്പ് ബിയറിന്റെ വില വർദ്ധിപ്പിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. ലിറ്ററിന് മുപ്പത് രൂപയ്ക്ക് ലഭിച്ചിരുന്ന ബിയർ ഇനി മുതൽ നാൽപ്പത്തിരണ്ട് രൂപയ്ക്കായിരിക്കും ലഭിക്കുക. അഞ്ച് ശതമാനത്തിൽ കൂടുതൽ മദ്യത്തിന്റെ അംശമുള്ള ബിയറിന് ലിറ്ററിന് 60 രൂപയാണ് തീരുവ വർദ്ധിപ്പിച്ചത്.

രാജ്യത്തെ ടൂറിസം വ്യവസായത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് ഗോവ. മദ്യം ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന സ്ഥലമായതിനാലും ജനപ്രീതി ഏറെയാണ്. അയൽക്കാരായ കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാൾ മദ്യത്തിന് ഏറ്റവും കുറവ് നികുതിയും ഗോവയിൽ തന്നെയാണ്. ഇക്കാരണങ്ങളാൽ ഇവിയെത്തുന്ന നല്ലൊരു ശതമാനം വിനോദസഞ്ചാരികളും കുപ്പിക്കണക്കിന് മദ്യമാണ് വാങ്ങിക്കൂട്ടുന്നത്. ഗോവയുടെ തനത് മദ്യമായ ഫെനിയ്ക്കും ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ മദ്യനയം ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നത് തീർച്ചയാണ്.