human-sacrifice

ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിലെ ആറണിയിൽ നരബലി നടത്താൻ ശ്രമം നടന്നുവെന്ന് സംശയം. ദസറാപ്പേട്ടിലുള്ള വീട്ടിൽ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടത്തുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പൂജ തടയുകയായിരുന്നു. വീട്ടുകാർ വാതിൽ തുറക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് വീടിന്റെ വാതിൽ തകർത്താണ് പൊലീസ് ഉള്ളിൽ കടന്നത്.

കേരളത്തിൽ നരബലി നടന്ന വാർത്തയുടെ പശ്ചാത്തലത്തിൽ പരിഭ്രാന്തരായിരുന്നു നാട്ടുകാർ. ഇവരുടെ പരാതിയെ തുടർന്ന് പൊലീസും തഹസിൽദാറും സ്ഥലത്തെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വീടിനുള്ളിൽ ഉണ്ടായിരുന്നവർ തുറന്നില്ല. വാതിൽ തുറക്കാൻ ശ്രമിച്ചാൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്യുമെന്നും പൂജ തടസപ്പെടുത്തരുതെന്നും ഉള്ളിലുണ്ടായിരുന്നവർ വിളിച്ചുപറഞ്ഞു. വീട്ടുകാർ സഹകരിക്കാതിരുന്നതോടെ പൊലീസ് അഗ്നിരക്ഷാസേനയുടെ സഹായം തേടി. തുടർന്ന് ജെസിബി ഉപയോഗിച്ച് വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ കടന്ന് മന്ത്രവാദം നടത്തിയവരെ പിടികൂടുകയായിരുന്നു. ഗോമതി എന്ന യുവതിക്ക് പ്രേതബാധയുണ്ടെന്ന വിശ്വാസത്തിൽ പൂജാരിയായ ഭർത്താവ് പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു മന്ത്രവാദം നടന്നത്. വാതിൽ തകര്‍ത്ത് അകത്ത് പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും അതിരൂക്ഷമായിട്ടാണ് വീട്ടുകാര്‍ പെരുമാറിയത്.

പാവ ഉപയോഗിച്ചുള്ള ആഭിചാര ക്രിയയാണ് ഇവർ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. നരബലിക്ക് ശ്രമം നടന്നോയെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന ആറു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.