human-sacrifice

കൊച്ചി: ഭഗവൽ സിംഗ് - ലൈല ദമ്പതികളുടെ വീട്ടിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോയെന്ന് സംശയം. പദ്മ,​ റോസ്‌ലി എന്നിവരെക്കൂടാതെ മറ്റേതെങ്കിലും സ്ത്രീയെക്കൂടി കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്ന് ഇതുസംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഭഗവൽ സിംഗിന്റെ വീട്ടുവളപ്പിൽ കൂടുതൽ കുഴികളെടുത്ത് പരിശോധന നടത്തും. തിരച്ചിലിനായി പ്രത്യേക പരിശീലനം നേടിയ നായകളെ കൊണ്ടുവരും. മൃതദേഹം തിരഞ്ഞ് കണ്ടെത്താൻ പരിശീലനം ലഭിച്ച മായ, മർഫി എന്നീ നായകളാണ് എത്തിക്കുന്നത്. പദ്മയുടെയും റോസ്‌ലിയുടെയും കൊലപാതകത്തിന് മുമ്പ് മറ്റൊരു കൊലപാതകം കൂടി നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.


കൊച്ചിയിൽ നിന്ന് പ്രതികളുമായി പൊലീസ് ഇലന്തൂരിലേക്ക് പുറപ്പെട്ടു. മൂന്ന് പ്രതികളെയും മൂന്ന് വാഹനങ്ങളിലായാണ് കൊണ്ടുപോകുന്നത്. തെളിവെടുപ്പിനായി പ്രതികളെ എത്തിക്കുന്ന സാഹചര്യത്തിൽ ഇലന്തൂരിൽ പൊലീസ് സുരക്ഷ കർശനമാക്കി.