
അമരാവതി: ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് യു എസ് ആസ്ഥാനമായുള്ള ടെക് ഭീമൻമാരായ ഗൂഗിളിനും ആപ്പിളിനും ആന്ധ്രാപ്രദേശിൽ ക്രിമിനൽ കേസുകൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. ലോൺ ആപ്പുമായി ബന്ധപ്പെട്ട കേസുകളിൽ ബാങ്കുകൾ, അവിടത്തെ ഉദ്യോഗസ്ഥർ, ആപ്പ് ഡെവലപ്പർമാർ, ഇന്റർനെറ്റ് സേവന ദാതാക്കൾ, ലോൺ ആപ്പ് ഓർഗനൈസർമാർ എന്നിവരെയും അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. രാജ്യത്ത് ലോൺ ആപ്പുമായി ബന്ധപ്പെട്ട് നിരവധി ആത്മഹത്യാ കേസുകൾ രജിസ്റ്റർ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ലോൺ ആപ്പ് കമ്പനികൾ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ എപ്രകാരം നേരിടണമെന്ന് സംബന്ധിച്ച മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളതായി ആന്ധ്രാപ്രദേശ് ഡിജിപി രാജേന്ദ്രനാഥ് അറിയിച്ചു. ലോൺ ആപ്പുമായി ബന്ധപ്പെട്ട കേസുകളിൽ സേവനദാതാക്കളെയും പ്രതിചേർക്കും. വ്യാജ ആപ്പുകളുമായി ബന്ധപ്പെട്ട ടെക് ഭീമൻമാർക്കും മറ്റ് സേവനങ്ങൾക്കും നോട്ടീസ് അയക്കും. നോട്ടീസുമായി ഇവർ പ്രതികരിച്ചില്ലെങ്കിൽ ഇവരെയും കൂട്ടുപ്രതിയാക്കുമെന്നും ഡിജിപി വ്യക്തമാക്കി.
കൃത്യമായ പരിശോധന ഇല്ലാതെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാങ്ക് അക്കൗണ്ടുകൾ ലഭ്യമാക്കുന്ന ബാങ്കർമാർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സംശയാസ്‌പദമായ അക്കൗണ്ടുകളെക്കുറിച്ച് വിവരം നൽകാൻ ബാങ്കുകൾക്ക് നോട്ടീസ് അയച്ചതായും പൊലീസ് പറഞ്ഞു. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലിരുന്നുകൊണ്ടാണ് ഇത്തരം വ്യാജ ആപ്പുകൾ ഇന്ത്യയിൽ നിർമിക്കുന്നതെന്നും ഡിജിപി വെളിപ്പെടുത്തി.