
മിക്കവാറും വീടുകളിൽ വൈകിട്ടത്തെ ചായക്കൊപ്പം നാലുമണി പലഹാരമായി ബേക്കറികളിൽ നിന്നും മറ്റും ജങ്ക് ഫുഡുകളും എണ്ണ പലഹാരങ്ങളുമാണ് കുട്ടികൾക്കായി വാങ്ങുന്നത്. എന്നാലിവ എത്രമാത്രം ആരോഗ്യപ്രദമാണെന്ന് ഉറപ്പിക്കാനാകില്ല. പഴകിയ ആഹാര വസ്തുക്കളും എണ്ണയും മറ്റുമൊക്ക ഉപയോഗിച്ചാകാം ഇവ തയ്യാറാക്കുന്നത് എന്നതിനാൽ ഇത്തരം ആഹാരങ്ങൾ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവരിലും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ നാലുമണി പലഹാരങ്ങൾ വീട്ടിൽതന്നെ തയ്യാറാക്കുന്നതാണ് എപ്പോഴും നല്ലത്.
നമ്മുടെ വീടുകളിൽ മിക്കപ്പോഴും ദോശമാവ് ബാക്കി വരാറുണ്ടല്ലേ? എങ്കിൽ ദോശമാവ് ഉപയോഗിച്ച് രുചികരമായ ഉള്ളി ബോണ്ട തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ?
ഉള്ളി ബോണ്ട തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
1.വെളിച്ചെണ്ണ – രണ്ടു ടീസ്പൂൺ
2.കടുക് – അര ടീസ്പൂൺ
3.ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ്
4.വെളുത്തുള്ളി – മൂന്ന് അല്ലി,
5. വറ്റൽമുളക്- ആറ്
6. കറിവേപ്പില- ഒരു തണ്ട്
7.ദോശമാവ് – രണ്ടു കപ്പ്
8.ഉപ്പ് – പാകത്തിന്
9.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേയ്ക്ക് ചുവന്നുള്ളി ചേർത്തു വഴറ്റുക. വഴന്നു വരുമ്പോൾ നാലാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്ത് വഴറ്റണം. ഇതു തണുത്തു കഴിയുമ്പോൾ ദോശമാവിൽ ചേർത്ത് നന്നായി ഇളക്കുക. എണ്ണ ചൂടാക്കി തയാറാക്കിവച്ചിരിക്കുന്ന മിശ്രിതം ഓരോ സ്പൂൺ വീതം കോരിയൊഴിച്ച് വറുത്ത് കോരുക. ചൂടോടെ ചട്നിക്കൊപ്പം വിളമ്പാം .