ജ്യോതിഷ ശാസ്ത്രത്തിലെ പ്രമുഖ ഉപശാഖയായ നിമിത്ത ശാസ്ത്രത്തെക്കുറിച്ച് നമ്മളിൽ എത്രപേർക്ക് അറിയാം. പല കാര്യങ്ങളും സംഭവിക്കുന്നതിന് മുൻപ് മനുഷ്യശരീരത്തിലെ അവയവങ്ങളും സൂചന നൽകുമെന്നാണ് നിമിത്ത ശാസ്തത്തിൽ പറയുന്നത്. ഇത്തരം അവയവങ്ങളിൽ പ്രധാനമാണ് കണ്ണ്. കണ്ണിലെ ചലനങ്ങൾ നോക്കി വരാനിരിക്കുന്നത് മനസിലാക്കാൻ സാധിക്കുമെന്ന് നിമിത്ത ശാസ്ത്രത്തിൽ പറയുന്നു.
കണ്ണ് തുടിക്കുന്നതും ഇമ വെട്ടുന്നതും ഓരോ സൂചനകളാണെന്ന് നിമിത്തത്തിൽ വിശ്വസിക്കുന്നവർക്ക് തിരിച്ചറിയാൻ സാധിക്കും. ഇത്തരത്തിൽ ചില സൂചനകൾ കണ്ണുകളിലൂടെ മനസിലാക്കാം.
ഇടത്തേ കണ്ണ് തുടിക്കുന്നതിനും വലത്തേ കണ്ണ് തുടിക്കുന്നതിനും നിമിത്ത ശാസ്ത്രപ്രകാരം വെവ്വേറെ ഫലങ്ങളാണുള്ളത്. സ്ത്രീകളുടെ ഇടത്തേ കണ്ണ് തുടിച്ചാൽ നിമിത്ത ശാസ്ത്രപ്രകാരം നല്ല അനുഭവം ഉണ്ടാവും. സ്നേഹിക്കുന്ന പുരുഷന്റെ/ സ്ത്രീയുടെ , ജീവിത പങ്കാളിയുടെ, ഭാവി പങ്കാളിയുമായി ഒത്തുചേരലായിരിക്കും ഫലം. സ്ത്രീകൾക്ക് ഇടതുകണ്ണ് തുടിച്ചാൽ ഗുണഫലങ്ങളും വലതുകണ്ണ് തുടിച്ചാൽ ദോഷഫലങ്ങളും ഉണ്ടാകും. സ്ത്രീകൾക്ക് ഇടം കണ്ണ് തുടിച്ചാൽ ഭാവി ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ശാന്തിയും അപ്രതീക്ഷിതമായ ഭാഗ്യങ്ങളും വന്നുചേരും. വലത് വശത്തെ കണ്ണ് തുടിക്കുന്നത് ഭാവിയിൽ വരാനിരിക്കുന്ന ശാരീരികാസ്വാസ്ഥ്യങ്ങളുടെയും രോഗങ്ങളുടെയും സൂചനയാണ്.
പുരുഷൻമാരുടെ വലത്തേ കണ്ണ് തുടിക്കുകയാണെങ്കിൽ സ്നേഹിക്കുന്ന പുരുഷന്റെ/ സ്ത്രീയുടെ അല്ലെങ്കിൽ പങ്കാളിയുടെ, ഭാവി പങ്കാളിയുമായി ഒത്തുചേരും. പുരുഷൻമാർക്ക് വലതുകണ്ണ് തുടിക്കുന്നത് ഗുണഫലങ്ങൾ നൽകും. ഇടതുകണ്ണ് തുടിച്ചാൽ ദോഷഫലങ്ങളും. പുരുഷൻമാരുടെ വലംകണ്ണ് തുടിച്ചാൽ ദീർഘനാളായി ആഗ്രഹിക്കുന്ന കാര്യങ്ങൾ സംഭവിക്കും. പുരുഷൻമാർക്ക് ഇടം കണ്ണ് തുടിച്ചാൽ ഭാവിയിൽ ദോഷങ്ങൾ, ആപത്തുകൾ എന്നിവ വരാനിരിക്കുന്നതിന്റെ സൂചനയാണ്.