5g

ഇന്ത്യയില്‍ ഫൈവ് ജി കൊമേഴ്‌സ്യല്‍ സേവനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി സെപ്റ്റംബര്‍ 2022ല്‍ ഔപചാരികമായി നിര്‍വഹിച്ചതോടെ രാജ്യം വികസനത്തിന്റെ മറ്റൊരു കുതിപ്പിലേക്കാണ് നീങ്ങുന്നത്. അഞ്ചാം തലമുറ ടെലികോം സേവനങ്ങള്‍ സാദ്ധ്യമാകുന്നതോടെ നമ്മുടെ നിത്യജീവിതത്തില്‍ പ്രകടമായ അനുകൂല പരിവര്‍ത്തനങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.


സാധാരണക്കാരുടെ ജീവിതത്തിലും ഫൈവ് ജി സാങ്കേതികവിദ്യ നിരവധി സേവനങ്ങളാണ് നല്‍കുവാന്‍ പോകുന്നത്. തടസമില്ലാതെ കവറേജ്, ഉയര്‍ന്ന ഡേറ്റ നിരക്ക്, കുറഞ്ഞ ലേറ്റന്‍സി, വിശ്വസനീയമായ ആശയവിനിമയം എന്നിവ ഫൈവ് ജി സാങ്കേതികവിദ്യ ഉറപ്പാക്കും. ഉയര്‍ന്ന നിലവാരമുള്ള വീഡിയോ സേവനങ്ങള്‍, ഉയര്‍ന്ന വേഗതയുള്ള മൊബിലിറ്റി, ടെലിസര്‍ജറി, ഓട്ടോണമസ് കാറുകള്‍ തുടങ്ങിയ സേവനങ്ങളും സാദ്ധ്യമാക്കും.


കാര്യക്ഷമത, നെറ്റ് വര്‍ക്ക് കാര്യക്ഷമത എന്നിവയും വര്‍ദ്ധിപ്പിക്കും. അപകടകരമായ പ്രവര്‍ത്തനമേഖലകളില്‍ മനുഷ്യരുടെ അദ്ധ്വാനം കുറയ്ക്കുവാനും ഫൈവ് ജി സാങ്കേതികവിദ്യ വഴിവയ്ക്കും. ഉദാഹരണത്തിന് ദുരന്തങ്ങളുടെ തത്സമയ നിരീക്ഷണം, കൃത്യമായ കൃഷി, ആഴത്തിലുള്ള ഖനികള്‍, ഓഫ് ഷോര്‍ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജോലിഭാരം വളരെയധികം കുറയ്ക്കുവാന്‍ ഫൈവ് ജി സാങ്കേതികവിദ്യയിലൂടെ സാധിക്കും. 2035 ആകുമ്പോൾ ഫൈവ് ജി സ്വാധീനത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഒരു ട്രില്യൺ ഡോളറിന്റെ അധിക സംഭാവനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം 2025 - 40 കാലയളവിൽ ഇന്ത്യയുടെ ജി.ഡി.പിയിൽ 150 ബില്യൺ ഡോളർ അധികമായി കൂട്ടിച്ചേർക്കാനും ഫൈവ് ജി സഹായകമാകും.


ജിയോ, എയര്‍ടെല്‍, ഐഡിയ - വോഡോഫോണ്‍ എന്നീ കമ്പനികളാണ് രാജ്യത്ത് ഫൈവ് ജി സേവനദാതാക്കള്‍. മാസങ്ങള്‍ക്ക് മുമ്പേ ഫൈവ് ജി സാങ്കേതികത്വം ഇന്ത്യന്‍ ടെലിഫോണ്‍ മേഖലയില്‍ നടപ്പിലാക്കേണ്ടതായിരുന്നെങ്കിലും കൊവിഡും ഇന്ത്യ- ചൈന സംഘര്‍ഷവുമാണ് തടസമായി മാറിയത്. യുക്രെയിനുമേലുള്ള റഷ്യന്‍ അധിനിവേശവും നിര്‍വഹണത്തെ തടസ്പ്പെടുത്തുന്നതിന് കാരണമായി.


‌ഡൽഹി, മുംബയ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗളുരു, ഹൈദരാബാദ് എന്നിവയടക്കം 13 പട്ടണങ്ങളിലാണ് തുടക്കത്തില്‍ ഫൈവ് ജി സേവനം ലഭിക്കുകയെങ്കിലും ക്രമേണ മറ്റ് സംസ്ഥാനങ്ങളിലേക്കും സേവനം നീളുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഇന്ന് അറുപതിലേറെ രാഷ്ട്രങ്ങള്‍ ഫൈവ് ജി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കണ്ണിമ ചിമ്മുന്ന വേഗത്തില്‍ ഡാറ്റകള്‍ കൈമാറാന്‍ കഴിയുന്ന ഫൈവ് ജി നെറ്റ് വര്‍ക്കിലേക്ക് രാഷ്ട്രങ്ങള്‍ മാറാന്‍ കാരണം സമയലാഭം ലക്ഷ്യം വച്ചാണ്. ഇന്ന് ഏറ്റവും വിലപിടിച്ച സംഗതിയും സമയമാണല്ലോ? ഒരേസമയം ആയിരത്തോളം ഡിവൈസുകളെ കൈകാര്യം ചെയ്യാന്‍ ഫൈവ് ജിക്ക് നിഷ്പ്രയാസം കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുമ്പോള്‍ ഈ സാങ്കേതികവിദ്യ ആളുകളെയും സമൂഹത്തെയും അടിമുടി പരിവര്‍ത്തനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. വാണിജ്യം, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലെയും വളര്‍ച്ചയ്ക്കും മാറ്റത്തിനും ഫൈവ് ജി ചാലകശക്തിയാകും.


ഇന്ത്യയില്‍ പൂര്‍ണമായി ഫൈവ് ജി നടപ്പിലാക്കണമെങ്കില്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടിവരുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടികാട്ടുന്നുണ്ട്. ഫൈവ് ജിക്ക് വേണ്ടി അടുത്ത് അടുത്തായി ടവറുകള്‍ സ്ഥാപിക്കേണ്ടിവരുന്നത് റേഡിയേഷന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും രാജ്യം മുഴുവന്‍ നീളുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല വിപുലമാക്കണമെന്നും ട്രാന്‍സ്മിറ്ററുകള്‍, റേഡിയോ തരംഗങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെയുളള ഉപകരണങ്ങളില്‍ മാറ്റം വരുത്തേണ്ടിവരുമെന്നുമാണ് ചൂണ്ടികാട്ടപ്പെടുന്നത്. സ്വകാര്യതയെക്കുറിച്ചും ഉത്കണ്ഠകൾ ഉയരുന്നുണ്ട്. ഈ പരിമിതികളും ആശങ്കകളും ശാസ്ത്രീയമായി എത്രയും പെട്ടെന്ന് പരിഹിക്കേണ്ടതുണ്ട്.


യു. എസ്, ചൈന, ദക്ഷിണകൊറിയ, യു.കെ, ജര്‍മ്മനി തുടങ്ങിയ വികസിത രാഷ്ട്രങ്ങള്‍ ഫൈവ് ജിക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും വ്യാപകമായി ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും എല്ലാ മേഖലകളിലും അഭിവൃദ്ധിപ്പെടുകയും ചെയ്യുകയാണ്. മാത്രമല്ല സിക്‌സ് ജിയിലേക്കും സെവന്‍ ജിയിലേക്കും അവര്‍ കാലെടുത്തുവയ്ക്കുകയും പര്യാലോചന തുടങ്ങുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ ഫൈവ് ജി പര്യാപ്തമെങ്കിലുമായില്ലെങ്കില്‍ സാങ്കേതികരംഗത്തെ മത്സരങ്ങളില്‍ ബഹുദൂരം പിന്തള്ളപ്പെടുകയും നമ്മുടെ മാനുഷികവിഭവശക്തി ദുര്‍വ്യയം ചെയ്യപ്പെടുകയും ചെയ്യും. ഇപ്പോൾ പോലും ഇ- ബാങ്കിംഗ്, മൊബൈല്‍ കണക്ടിവിറ്റി എന്നിവയില്‍ ലോകത്തെ വന്‍കിട രാഷ്ട്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യ സമ്പൂര്‍ണ ഫൈവ് ജി നെറ്റ് വര്‍ക്ക് സാദ്ധ്യമാക്കുന്നതോടെ ഡിജിറ്റല്‍ വിനിമയമേഖലകളില്‍ വികസിത രാഷ്ട്രങ്ങളെ കടത്തിവെട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. ചുരുക്കത്തിൽ ഫൈവ് ജി വഴിയുള്ള വെബ് സേവന രംഗം സജീവമാകുന്നതോടെ ഇന്ത്യയും ലോക രാഷ്ട്രങ്ങളും തമ്മിലുള്ള ദൂരം കുറയുകയും ലോകം നമുക്കു മുന്നിൽ കൂടുതൽ ചുരുങ്ങുകയും ചെയ്യും.

madhavan-b-nair

(വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമാണ് ലേഖകൻ)