eldhose

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും. അദ്ധ്യാപികയുടെ പരാതിയിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.

പരാതിക്കാരിയെ എംഎൽഎ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ചെയ്തെന്നുമാണ് കേസ്. കോവളം പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. വാദത്തിനിടെ എംഎൽഎയ്ക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. വാദത്തിന് ബലം നൽകാൻ പരാതിക്കാരിയുടെ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് എൽദോസ് കുന്നപ്പിള്ളിൽ വാദിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് പരാതിക്കാരി. അവർക്കെതിരെ രണ്ട് വാറണ്ടുകൾ ഉണ്ട്. ഒരു സിഐയ്ക്കും എസ്ഐയ്ക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ചവരാണ് പരാതിക്കാരി. എംഎൽഎ കോവളത്ത് വച്ച് ആക്രമിച്ചു എന്നു പറയുന്ന കഴിഞ്ഞ മാസം 14ന്, പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു എന്നും ഈ സമയത്ത് ഒരു പരാതിയും ഉന്നയിച്ചില്ല എന്നും എൽദോസിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. അടുത്ത ദിവസമാണ് വൂണ്ട് സർട്ടിഫിക്കറ്റ് ആശുപത്രിയിൽ നിന്ന് വാങ്ങിയത്. കഴിഞ്ഞ മാസം 28ന് പരാതി നൽകുമ്പോൾ ബലാത്സംഗം ചെയ്തുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും എംഎൽഎ വാദിച്ചു.