
പനാജി: ബിയറിനുള്ള എക്‌സൈസ് തീരുവ ലിറ്ററിന് പത്ത് മുതൽ പന്ത്രണ്ട് രൂപ വരെ വർദ്ധിപ്പിച്ച് ഗോവൻ സർക്കാർ. ലിറ്ററിന് മുപ്പത് രൂപയ്ക്ക് ലഭിച്ചിരുന്ന ബിയറിന് നാൽപ്പത്തിരണ്ട് രൂപയായി. ഗോവയിൽ നിന്ന് മദ്യം എത്തിക്കുന്നത് മഹാരാഷ്ട്ര സർക്കാർ തടഞ്ഞതാണ് ബിയർ വില വർദ്ധിപ്പിക്കാനുള്ള കാരണം. ഇതോടെ ഗോവയിൽ വിദേശമദ്യ വിൽപ്പനയിൽ മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ ഇടിവുണ്ടായി.
ടൂറിസത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഗോവ മദ്യം ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന സംസ്ഥാനമാണ്. അയൽസംസ്ഥാനങ്ങളായ കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാൾ മദ്യത്തിന് ഏറ്റവും കുറവ് നികുതിയും ഗോവയിലായതിനാൽ നല്ലൊരു ശതമാനം വിനോദസഞ്ചാരികളും കുപ്പിക്കണക്കിന് മദ്യമാണ് ഇവിടെയെത്തുമ്പോൾ വാങ്ങിക്കുന്നത്. ഗോവയുടെ തനത് മദ്യമായ ഫെനിക്കും ആവശ്യക്കാരേറെയാണ്. അതിനാൽ പുതിയ മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായേക്കും.