എന്നിലെ നടനെ ആദ്യമൊന്ന് പാകപ്പെടുത്തണം. അഭിനയത്തിൽ തന്നെ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

നേരം, 'പ്രേമം" എന്നീ ചിത്രങ്ങളിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് സിജു വിൽസൺ . മലർവാടി ആർട്സ് ക്ലബ് തുടങ്ങി അനവധി ചിത്രങ്ങളിൽ അഭിനയിച്ച താരം വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലെ ആറാട്ടുപുഴ വേലായുധ പണിക്കരായി ഉജ്ജ്വല പ്രകടനമാണ് കാഴ്ചവച്ചത്.സിനിമവിശേഷങ്ങൾ സിജു വിൽസൺ കേരളകൗമുദിയോടു പങ്കുവച്ചപ്പോൾ.
സിനിമയിലേക്ക് വരുമെന്ന് കരുതിയോ?
സിനിമ കാണാൻ ഇഷ്ടമായിരുന്നു. എന്നാൽ ഒരിക്കലെങ്കിലും സിനിമയിൽ അഭിനയിക്കാൻ പറ്റുമെന്ന ചിന്തയൊന്നുമില്ലായിരുന്നു. 2010 ലാണ് ആദ്യമായി സിനിമയിലൊരു വേഷം ഞാൻ ചെയ്യുന്നത്. കിട്ടിയ കൊച്ചുകൊച്ചു വേഷങ്ങൾ ഉൾപ്പെടെയുള്ളവ ചെയ്തു. കിട്ടിയ അവസരങ്ങൾ പാഴാക്കാതെ ഉപയോഗിച്ചത് കൊണ്ടാണ് ഇപ്പോൾ ഇത്രയും നല്ല ഒരു വേഷം എനിക്ക് ചെയ്യാൻ കഴിഞ്ഞത് .
ആദ്യമായി നിർമ്മിച്ച 'വാസന്തി "എന്ന ചിത്രത്തിന് അവാർഡും ലഭിച്ചു?
ഒരു സിനിമ നിർമ്മിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും അത് 'വാസന്തി"യിലൂടെ വളരെ പെട്ടെന്ന് സാധിക്കുമെന്ന് കരുതിയിരുന്നില്ല. ഒരു അവസരം വന്നപ്പോൾ അത് ഉപയോഗിച്ചു എന്ന് മാത്രം. എനിക്ക് ആകെയുള്ളത് സിനിമയിൽ നിന്നുള്ള വരുമാനം മാത്രമാണ്. സിനിമയിൽ നിന്നുണ്ടാക്കിയത് സിനിമയ്ക്ക് തന്നെ ഇൻവെസ്റ്റ് ചെയ്തതാണ് വാസന്തി.
ഇനി സംവിധാന രംഗത്തേക്ക് കൂടി പ്രവേശിക്കുമോ ?
എന്നിലെ നടനെ ആദ്യമൊന്ന് പാകപ്പെടുത്തണം. അഭിനയത്തിൽ തന്നെ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അഭിനയജീവിതത്തിൽ ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകാൻ ഉണ്ട് എന്ന് എനിക്ക് നന്നായിട്ട് അറിയാം. കൂടാതെ പ്രൊഡക്ഷൻ രംഗത്ത് സജീവമായി ഇനിയും ചില ചിത്രങ്ങൾ ചെയ്യണമെന്നുണ്ട്. കാരണം പ്രൊഡക്ഷൻ ആകുമ്പോൾ അതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ കുറവാണ്. ടെൻഷനുണ്ട് എങ്കിലും സംവിധാനത്തിന്റെ അത്രയും ടെൻഷൻ ഇല്ല. എന്നിലെ അഭിനേതാവ് മരിച്ചു എന്ന് തോന്നലുണ്ടായാൽ ചിലപ്പോൾ സംവിധാനരംഗത്തേക്ക് കടക്കണോ വേണ്ടയോ എന്ന് തീരുമാനമെടുത്തേക്കാം.
വേഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എന്താണ് പൊതുവേ ശ്രദ്ധിക്കാറുള്ളത്?
ഒരേ പോലെയുള്ള വേഷങ്ങൾ ചെയ്യാതിരിക്കാനാണ് സത്യത്തിലിപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കാറുള്ളത്. 'ഹാപ്പി വെഡിങ്ങിലും", 'കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിലും" തേപ്പ് കിട്ടുന്ന ഒരു നായകനായാണ് അഭിനയിച്ചത്. ഒരേ തരം വേഷങ്ങൾ ആയിരുന്നു. തേപ്പ് നായകൻ എന്ന ഒരു പേര് എനിക്ക് ആ സമയത്ത് കിട്ടിയിരുന്നു. ഒരേ തരം വേഷങ്ങൾ വരുമ്പോൾ പ്രേക്ഷകർക്കും ഒരുപക്ഷേ ബോറടിക്കാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഇപ്പോൾ അക്കാര്യത്തിൽ കുറച്ച് സെലക്ടീവ് ആണ്.
വരയനി"ലൂടെയാണ് 'വേലായുധപണിക്കരിലേക്ക്"?
'വരയനി"ലാണ് ഞാൻ ആദ്യമായി ഒരു പ്രൊഫഷണൽ കൊറിയോഗ്രാഫ്ഡ് സംഘട്ടനരംഗം ചെയ്തത്. ആ സിനിമ ചെയ്ത എക്സ്പീരിയൻസിൽ നിന്നാണ് 'പത്തൊമ്പതാം നൂറ്റാണ്ട് " പോലെ ഒരു ചിത്രത്തിൽ അഭിനയിക്കാനുള്ള ആത്മവിശ്വാസം സത്യത്തിൽ എനിക്ക് കിട്ടുന്നത്.
'ആറാട്ടുപുഴ വേലായുധ പണിക്കർ" മരിച്ചിരുന്നില്ലെങ്കിൽ എന്ന് തോന്നിയിരുന്നോ?
'ആറാട്ടുപുഴ വേലായുധ പണിക്കർ" ഉണ്ടായിരുന്നെങ്കിൽ എന്ന് ഓരോ പ്രേക്ഷകനും ചിന്തിക്കുമ്പോഴാണ് ആ ചിത്രത്തിന്റെ വിജയം. ആ ഫീൽ വരുത്താൻ കഴിഞ്ഞ ചിത്രമാണ് ഇത് എന്നു കേൾക്കുമ്പോൾ സന്തോഷം. നങ്ങേലിയുടെ രംഗങ്ങൾ വരുമ്പോൾ അവിടെ വേലായുധ പണിക്കർ ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്കും സിനിമ കണ്ടപ്പോൾ തോന്നി. പിന്നെ ഇതൊരു ചരിത്രമാണ്. അതൊരിക്കലും വളച്ചൊടിക്കാൻ സാധിക്കുകയില്ലല്ലോ.
സുരക്ഷാ ഉപകരണങ്ങളില്ലാതെ 'പത്തൊമ്പതാം നൂറ്റാണ്ടിൽ", 'ബെൻ "എന്ന കുതിരയുടെപുറത്ത് സവാരി ചെയ്തത്?
തുടക്കം മുതലേ 'ബെൻ" ഞങ്ങൾക്കൊപ്പം ഉണ്ട്.'പത്തൊമ്പതാം നൂറ്റാണ്ട് "എന്ന ചിത്രത്തിൽ കുതിരപ്പുറത്ത് ഇരുന്ന് ചെയ്യേണ്ട ഒരുപാട് രംഗങ്ങൾ ഉണ്ട്. അതുകൊണ്ട് റൈഡ് പ്രാക്ടീസ് ചെയ്യുന്ന കുതിരയെ തന്നെ സിനിമയിലും ഉപയോഗിച്ചാൽ വളരെ നന്നായിരിക്കും എന്ന് ആദ്യമേ ട്രെയിനേഴ്സിൽ നിന്നും ഞങ്ങൾ മനസ്സിലാക്കി. അങ്ങനെ വിനയൻ സാറാണ് ബെന്നിനെ തിരഞ്ഞെടുത്തത്. ആദ്യമൊക്കെ ഭയം ഉണ്ടായിരുന്നു. നാം കുതിരപ്പുറത്തിരുന്ന് സവാരി ചെയ്യുമ്പോൾ അത് നമ്മളെ ചുമക്കുകയാണല്ലോ എന്ന ചിന്തയുമുണ്ടായിരുന്നു. അങ്ങനെ എന്നും കപ്പലണ്ടി മിഠായിയും ബിസ്കറ്റും ഒക്കെ കൊണ്ടു കൊടുക്കാൻ തുടങ്ങി. പിന്നെ അതിന്റെ പുറത്തിരുന്ന് നമ്മൾ യാത്ര ചെയ്യുമ്പോൾ അത് നമ്മളെയും സൂക്ഷിക്കണമല്ലോ. അതിന് ഒരു ചെറിയ കൈമണി കൊടുത്തതുപോലെ എന്ന് വേണമെങ്കിൽ പറയാം.(ചിരിക്കുന്നു).
തുടക്കത്തിൽ കുതിരയുടെ പെഡലിൽ ചവിട്ടിയാണ് ഞാൻ അതിന്റെ പുറത്ത് കയറിയിരുന്നത്. അപ്പോഴാണ് വിനയൻ സാർ കുതിരപ്പുറത്ത് ചാടി കയറണമെന്നും എന്നിട്ട് ഓടിച്ചു പോകണമെന്നും പറയുന്നത്. ഞാൻ ശ്രമിച്ചെങ്കിലും ആ സാഹചര്യത്തിൽ പെട്ടെന്ന് പഠിക്കാൻ പറ്റിയില്ല. അന്ന് കുറെയധികം ഷോട്ടുകൾ എടുത്തുനോക്കി. വൈകുന്നേരം ആയപ്പോൾ ലൈറ്റ് കുറയുന്നു എന്ന് മനസ്സിലാക്കി കുതിരയുടെ പുറത്തിരുന്ന് തിരിച്ചു പോകുന്നത് മാത്രം ചിത്രീകരിച്ചാൽ മതിയെന്ന് വിനയൻ സാർ പറഞ്ഞു. അങ്ങനെ ആ രംഗം ചിത്രീകരിച്ചു . പക്ഷേ വിനയൻ സാർ മനസ്സിൽ വിചാരിച്ച കാര്യം നടക്കാത്തതിൽ എനിക്ക് വലിയ കുറ്റബോധം തോന്നി. കാരണം അത്തരമൊരു രംഗം എല്ലായ്പ്പോഴും എല്ലാവർക്കും ചെയ്യാൻ പറ്റുന്നത് ആവണമെന്നില്ല. അത് പഠിച്ച് ചെയ്താൽ ശ്രദ്ധിക്കപ്പെടുമെന്നും എനിക്ക് തോന്നി. ആ സമയത്താണ് എന്റെ ട്രെയിനർ അവിടേക്ക് വരുന്നത്. അദ്ദേഹം പെട്ടെന്ന് ചാടി കയറുന്നതിന്റെ ട്രിക്ക് കൃത്യമായി പറഞ്ഞു തന്നു. ആ രീതിയിൽ ചെയ്തു നോക്കിയപ്പോൾ എനിക്കും നന്നായത് ചെയ്യാൻ പറ്റുമെന്ന് മനസ്സിലായി. അങ്ങനെ ഞാൻ സാറിന്റെയടുത്ത് പോയി കുതിരപ്പുറത്ത് ചാടിക്കയാറാൻ പഠിച്ചകാര്യം പറഞ്ഞു. പിറ്റേന്ന് ഭാഗ്യത്തിന് ലൊക്കേഷൻ മാറ്റം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒരിക്കൽ കൂടി ആ രംഗം എടുക്കുകയും ചെയ്തു. പിന്നീട് എടുത്ത ഒരുവിധം എല്ലാ ഷോട്ടിലും കുതിരയുടെ പുറത്ത് ചാടി തന്നെയാണ് കയറിയിരുന്നത്. ഇന്നിപ്പോൾ പ്രേക്ഷകർ അത് ഏറ്റെടുത്തത് കാണുമ്പോൾ ഒരുപാട് സന്തോഷവുമുണ്ട്.
പുതിയ ചിത്രങ്ങൾ?
ഇനി റിലീസിനുള്ള ചിത്രം 'സാറ്റർഡേനൈറ്റാണ്". 'തൊബാമാ" എന്ന ചിത്രം സംവിധാനം ചെയ്ത മുഹ്സിന്റെ പുതിയ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. വിനയൻ സാറിന്റെയും മേജർരവി സാറിന്റെയും ചിത്രങ്ങളുടെ ആദ്യഘട്ട ചർച്ചകളും നടക്കുന്നു.