womens-cricket

ഏഷ്യാകപ്പ് കീരടം നേടി ഇന്ത്യൻ വനിതകൾ

ഫൈനലിൽ ശ്രീലങ്കയെ 8 വിക്കറ്റിന് തോൽപ്പിച്ചു

രേണുക സിംഗ് കളിയിലെ താരം

സ്മൃതി മന്ഥനയ്ക്ക് അർദ്ധ സെഞ്ച്വറി

ദീപ്തി ശ‌ർമ്മ ടൂർണമെന്റിലെ താരം

സിൽഹത്ത്: കലാശപ്പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് മേൽ പൂർണ അധിപത്യത്തോടെയാണ് ഇന്ത്യ ഇത്തവണത്തെ വനിതാ ഏഷ്യാകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്. മികച്ച ബൗളിംഗും തകർപ്പൻ ഫീൽഡിംഗും കാഴ്ചവച്ച ഇന്ത്യൻ താരങ്ങൾക്ക് മുന്നിൽ പതറിപ്പയ ലങ്കയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. എന്നാൽ ലങ്കൻ ബാറ്രർമാ‌ർ വെള്ളം കുടിച്ച പിച്ചിൽ അടിച്ചു തക‌ർത്ത സ്മൃതി മന്ഥനയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 8.3 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (71/2). 3സിക്സും ആറും ഫോറും ഉൾപ്പെടെ പുറത്താകാതെ 25 പന്തിൽ 51 റൺസ് നേടിയ സ്മൃതി ഒഷാദി രണസിംഗയെ ലോംഗ് ഓണിന് മുകളിലൂടെ അതിർത്തി കടത്തിയാണ് ഇന്ത്യയുടെ കിരീടവും തന്റെ അർദ്ധ സെഞ്ച്വറിയും കുറിച്ചത്. ക്യാപ്ടൻ ഹർമ്മൻ പ്രീത് സിംഗായിരുന്നു (11) സ്മൃതി വിജയറൺ കുറിക്കുമ്പോൾ നോൺസ്ട്രൈക്കർ എൻഡിൽ. സെമിയിലെ വിജയശില്പി ഷഫാലി വർമ്മയുടേയും (5), ജെമിമ റോഡ്രിഗസിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇനോക്ക രണവീര, കവിഷ ദിൽഹരി എന്നിവർ ലങ്കയ്ക്കായി ഓരോ വിക്കറ്റ് വീതം വീഴ്തി.

എറിഞ്ഞൊതുക്കി

3 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 5 റൺസ് മാത്രം നൽകി 3 വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളർമാർ ലങ്കൻ ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. രാജേശ്വരി ഗെയ്‌ക്‌വാദ്,സ്നേഹ റാണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തകർപ്പൻ ഫീൽഡിംഗും കാഴ്ചവച്ച ഇന്ത്യൻ ൽ ഫീൽഡർമാർ ലങ്കൻ ബാറ്രർമാരുടെ ആശയക്കുഴപ്പം മുതലെടുത്ത് രണ്ട് റണ്ണൗട്ടുകളും നേടി. ലങ്കൻ സ്കോർ 2.4 ഓവറിൽ 8ൽ നിൽക്കെ ക്യാപ്ടൻ ചമാരി അത്തപത്തുവിനെ (6) റണ്ണൗട്ടിലൂടെ അവ‌ർക്ക് നഷ്ടമായി. രേണുകയും വിക്കറ്ര് കീപ്പർ റിച്ച ഘോഷുമായിരുന്നു ഈ വിക്കറ്റിന് പിന്നിൽ. പകരമെത്തിയ ഹർഷിത സമര വിക്രമയെ (1) നാലാമത്തെ ഓവറിലെ മൂന്നാം പന്തിൽ രേണുകയുടെ ബാളിൽ റിച്ച പിടികൂടി. തൊട്ടുടുത്ത പന്തിൽ അനുഷ്ക സഞ്ജീവിനി (2) റണ്ണൗട്ടായി. അടുത്ത പന്തിൽ ഹസിനി പെരേരയെ (0) രേണുക സ്മൃതിയുടെ കൈയിൽ എത്തിച്ച് ഗോൾഡൻ ഡക്കാക്കിയതോടെ 9/4 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലായി ലങ്ക. ഒരു ഘട്ടത്തിൽ 32/8 എന്ന നിലയിലായിരുന്നു അവ‌ർ. 22 പന്തിൽ പുറത്താകാതെ 18 റൺസ് നേടിയ ഇനോക്ക രണവീരയാണ് ലങ്കയെ 50 കടത്തിയത്. രണവീരയെക്കൂടാതെ ഒഷാദി രണസിംഗയ്ക്ക് (13) മാത്രമാണ് ലങ്കൻ ബാറ്ര‌ർമാരിൽ രണ്ടക്കം കടക്കാനായത്.

കളിയിലെ താരം

രേണുക സിംഗ്: 3-1-5-3

ചമാരി അത്തപത്തുവിനെ റണ്ണൗട്ടാക്കി ലങ്കൻ ഇന്നിംഗ്സിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടതും രേണുകയാണ്.

രേണുക എറിഞ്ഞ ലങ്കൻ ഇന്നിംഗ്സിലെ നാലാം ഓവറിലെ ഒരു റണ്ണൗട്ടുൾപ്പെടെ വീണത് മൂന്ന് വിക്കറ്റ്.

ടൂർണമെന്റിലെ താരം

ദീപ്തി ശ‌ർമ്മ

94 റൺസ്

132.39 സ്ട്രൈക്ക് റേറ്ര്

13 വിക്കറ്റ്

ഫൈനലിൽ വിക്കറ്ര് വീഴ്ത്തിയില്ലെങ്കിലും നാലോവറിൽ ദീപ്തി നൽകിയത് 7 റൺസ് മാത്രം.

7-ാം തവണയാണ് ഇന്ത്യ വനിതാ ഏഷ്യാ കപ്പിൽ ചാമ്പ്യൻമാരാകുന്നത്. ഇതുവരെ നടന്ന എട്ട് വനിതാ ഏഷ്യാ കപ്പുകളിൽ ഇന്ത്യയ്ക്ക് കപ്പ് നഷ്ടമായത് കഴിഞ്ഞ തവണ മാത്രം.

5-ാം തവണയാണ് വനിതാ ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിക്കുന്നത്.

137- ഏറ്രവും കൂടുതൽ വനിതാ ട്വന്റി-20 മത്സരങ്ങൾ കളിച്ച താരമെന്ന റെക്കാഡ് ഇന്ത്യൻ ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗ‌ർ സ്വന്തമാക്കി. ശ്രീലങ്കയ്ക്ക് എതിരായ ഫൈനൽ താരത്തിന്റെ 137-ാം മത്സരമായിരുന്നു.