
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകങ്ങളാണ് നിലവിലെ ഇന്ത്യൻ നായകനായ രോഹിത് ശർമയും സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലിയും. ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരെല്ലാം രോഹിതിനെയും കോഹ്ലിയെയും ഇഷ്ടപ്പെടുന്നത് കൊണ്ട് രാജ്യാന്തര തലത്തിൽ വരെ ഇരുവർക്കും ആരാധകരുമുണ്ട്. എന്നാൽ ഇവരോടുള്ള അതിരുകടന്ന താരാരാധന മൂലം ഒരു ജീവൻ നഷ്ടമായെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് തമിഴ്നാട്ടിൽ നിന്നും പുറത്തു വന്നിരിക്കുന്നത്.
തെന്നിന്ത്യയിൽ സിനിമാ താരങ്ങൾക്കായി ആരാധകർ തർക്കത്തിലേർപ്പെടുന്നത് അപൂർവ്വ സംഭവമല്ല. പ്രിയ താരങ്ങളുടെ സിനിമ മോശമായതിനും ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതിനും ആരാധകർ ആത്മഹത്യ ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ രോഹിത്-കോഹ്ലി ആരാധകർ തമ്മിലുള്ള തർക്കമാണ് ഒരാളുടെ മരണത്തിലേയ്ക്ക് എത്തി നിൽക്കുന്നത്. തമിഴ്നാട്ടിലെ അരിയാൽപൂർ ജില്ലയിൽ നടന്ന സംഭവത്തിൽ രോഹിത് ശർമ ആരാധകനായ പി വിഘ്നേശ്(24) ആണ് കൊല്ലപ്പെട്ടത്. കോലി ആരാധകനായ എസ് ധർമ്മരാജുമായുള്ള(21) തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഒക്ടോബർ 11ന് നടന്ന സംഭവത്തിൽ ധർമരാജും വിഘ്നേഷും മല്ലൂരിലെ സിഡ്കോ ഇൻഡസ്ട്രിയൽ മൈതാനത്ത് ക്രിക്കറ്റ് കളിക്കാനായി എത്തിച്ചേർന്നു. മത്സര ശേഷം ഇവർ ഒന്നിച്ചിരുന്ന് മദ്യപിക്കാൻ ആരംഭിച്ചു. ഇതിനിടയിൽ ഐ പി എല്ലിൽ കോഹ്ലി ഉൾപ്പെടുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വിഘ്നേഷ് കളിയാക്കി. തുടർന്നുണ്ടായ തർക്കത്തിൽ മദ്യ ലഹരിയിലായിരുന്ന ധർമ്മരാജ് വിഘ്നേഷിനെ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രോഹിത് ശർമ ആരാധകൻ കൊല ചെയ്യപ്പെട്ടത് ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തതോടെ വിവരം സോഷ്യൽ മീഡിയ വഴി വലിയ തോതിൽ പ്രചരിക്കാൻ തുടങ്ങി. അതോടെ രോഹിത് ആരാധകന്റെ കൊലപാതകത്തിന് പരോക്ഷമായി ബന്ധപ്പെട്ടതിനാൽ വിരാട് കോഹ്ലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തി. "അറസ്റ്റ് കോഹ്ലി" എന്ന ഹാഷ് ടാഗിന് ട്വിറ്ററിൽ അടക്കം വലിയ പ്രചാരമാണ് ലഭിക്കുന്നത്.