
പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്‌ടിക്കുന്ന ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ശിഹാബിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്കൂട്ടർ കടയുടെ സമീപം നിർത്തിയ ശേഷം പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ശിഹാബ് തന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലേയ്ക്ക് മാറ്റുന്ന ദൃശ്യങ്ങൾക്ക് പിന്നാലെ മറ്റൊരു പൊലീസുകാരന്റെ മോഷണശ്രമവും സിസിടിവി ക്യാമറ മൂലം പുറത്തു വന്നിരിക്കുകയാണ്. കേരള പൊലീസിന് ഈ കേസിൽ എന്തായാലും ആശ്വസിക്കാം കാരണം പൊലീസുകാരന്റെ ബൾബ് മോഷണം കാരണം ഇത്തവണ നാണം കെട്ടിരിക്കുന്നത് ഉത്തർ പ്രദേശ് പൊലീസാണ്.
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ബൾബ് മോഷണം അരങ്ങേറിയത്. കടയുടെ പുറത്ത് തൂക്കിയിരിക്കുന്ന ബൾബ് പരിസരം ഒന്ന് വീക്ഷിച്ച ശേഷം ഊരിയെടുത്ത് കടന്നു കളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഫുല്‍പുര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആയ രാജേഷ് വെര്‍മ്മ സസ്പെന്‍ഷൻ നേരിടുകയും ചെയ്തു.
സംഭവം നടന്ന ഒക്ടോബർ ആറിന് രാജേഷ് വെര്‍മ്മയ്ക്ക് ദസറ മേളയുടെ ഭാഗമായി നൈറ്റ് ഡ്യൂട്ടിയാണ് ഉണ്ടായിരുന്നത്. പിറ്റേ ദിവസമാണ് ദസറ മേളയുടെ പരിസരത്തുണ്ടായിരുന്ന കടയിൽ നിന്നും ബൾബ് നഷ്ടമായ വിവരം കടക്കാരൻ ശ്രദ്ധിക്കുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ്. സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരൻ തന്നെയാണ് ബൾബ് ഊരിമാറ്റുന്നതായി ബോദ്ധ്യപ്പെട്ടത്. വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെ രാജേഷ് വെര്‍മ്മയ്ക്ക് എതിരെ വലിയ തോതിലുള്ള ജനരോഷമാണ് ഉയർന്നുവന്നത്. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. താൻ നിന്നിടത്ത് വെളിച്ചമില്ലാത്തതിനാലാണ് കടയിൽ നിന്നും ബൾബ് ഊരിയെടുത്തത് എന്നാണ് സസ്പെൻഷനിലായ പൊലീസുകാരന്റെ വിശദീകരണം.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് കാൺപൂരിൽ റോഡിന് സമീപം ഉറങ്ങുകയായിരുന്ന ആളിന്റെ പേക്കറ്റിൽ നിന്നും പൊലീസുകാരൻ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിന്റെ ചീത്തപ്പേരിൽ നിന്നും ഉത്തർപ്രദേശ് പൊലീസ് കരകയറുന്നതിന് മുൻപാണ് പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്.