kk

പത്തനംതിട്ട: ഇലന്തൂരിൽ ഇരട്ട നരബലി നടന്ന മുറിയിൽ രക്തക്കറയും കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ വിരലടയാളവും കണ്ടെത്തി. കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പഴക്കമുള്ളതും പുതിയതുമായ രക്തക്കറകൾ കണ്ടെത്തിയത്. വീട്ടിലെ രണ്ടിടങ്ങളിൽ നിന്നാണ് ഷാഫിയുടെ വിരലടയാളം കണ്ടെത്തിയത്.

കൊലയ്ക്ക് ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങളും കണ്ടെത്തി. മൂന്ന് കറിക്കത്തികളും ഒരു വെട്ടുകത്തിയുമാണ് കിട്ടിയത്. ഇവയിൽ പ്രതികളുടെ വിരലടയാളങ്ങൾ പതിഞ്ഞതായും സൂചനയുണ്ട്. വീടിനോട് ചേർന്നുള്ള തിരുമ്മൽ കേന്ദ്രത്തിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം സ്ഥലത്ത് കഡാവർ നായ്ക്കളെ ഉപയോഗിച്ച് സ്ഥലത്ത് നടത്തിയ പരിശോധന അവസാനിപ്പിച്ചു. നായ്ക്കളെ കൊണ്ട് നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ നിന്ന് അസ്ഥിക്കഷണം കണ്ടെത്തിയിരുന്നു. റോസ്‌ലിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് നിന്നാണ് അസ്ഥിക്കഷണം ലഭിച്ചത്. ഇത് മനുഷ്യരുടേതാണോ മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല,​

അതേസമയം പ്രതികൾ കൊലനടത്തിയത് എങ്ങനെയെന്ന് അറിയാൻ ഡമ്മി ഉപയോഗിച്ച് മുറിക്കുള്ളിൽ പരിശോധന നടത്തി. സ്ത്രീരൂപത്തിലുള്ള ഡമ്മി ഉപയോഗിച്ചാണ് കൊല പുനരാവിഷ്‌കരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നീ മൂന്ന് പ്രതികളെയും ഇലന്തൂരിൽ എത്തിച്ചിരുന്നു,​