
കെയ്റോ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്നലെ ഈജിപ്റ്റിലെത്തി. ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേ ഹസ്സൻ ഷൗക്രിയുടെ ക്ഷണപ്രകാരമാണ് ജയശങ്കർ എത്തിയത്. സമേ ഹസ്സൻ ഷൗക്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പ്രാദേശിക വികസനം, യുക്രെയിൻ സംഘർഷം, ഇൻഡോ - പസഫിക് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയും ഈജിപ്റ്റും തമ്മിലെ സഹകരണം ശക്തമായി തുടരുമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
വിദേശ നയരംഗത്തെ പ്രമുഖരുമായും അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തി. ആഫ്രിക്കയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഈജിപ്റ്റ്. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം എന്നിവയുടെ പ്രോത്സാഹനവും ജയശങ്കറിന്റെ സന്ദർശന അജണ്ടകളിലൊന്നാണ്.
കെയ്റോയിലെ ഹീലിയോപൊലിസ് കോമൺവെൽത്ത് വാർ ഗ്രേവ് സെമിത്തേരിയിലെത്തിയ അദ്ദേഹം ഒന്നാം ലോകമഹായുദ്ധ സമയത്ത് ഈജിപ്റ്റിലും പലസ്തീനിലും വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്കായി ആദരമർപ്പിച്ചു.
കെയ്റോയിലെ അൽ ഹൊറേയ പാർക്കിലെ ഗാന്ധിപ്രതിമയിലും അദ്ദേഹം ആദരം അർപ്പിച്ചു. 2019ൽ ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പാർക്കിൽ പ്രതിമ സ്ഥാപിച്ചത്. ഇന്ത്യ - ഈജിപ്റ്റ് നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75 ാം വാർഷികം ഈ വർഷം ആഘോഷിക്കുകയാണ്.