
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതിയായ ലൈല. കേസിലെ ഒന്നാം പ്രതിയും മുഖ്യ ആസൂത്രകനുമായ മുഹമ്മദ് ഷാഫിയോടൊപ്പം താനും മനുഷ്യ മാംസം പാകം ചെയ്ത് കഴിച്ചെന്നാണ് ലൈലയുടെ വെളിപ്പെടുത്തൽ. ലൈലയുടെ ഭർത്താവായ ഭഗവൽ സിംഗ് മാംസം കഴിക്കാതെ തുപ്പിക്കളഞ്ഞതായാണ് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്.
ലൈലയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. നരബലിക്കേസിൽ കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്നറിയാൻ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്നറിയാൻ പൊലീസ് ഡമ്മി ഉപയോഗിച്ച് കൊലപാതകം പുനരാവിഷ്കകരിച്ചു. ഇതിനെ തുടർന്നുണ്ടായ ചോദ്യം ചെയ്യലിലാണ് കൃത്യത്തിന് ശേഷം മനുഷ്യ മാംസം പാകം ചെയ്ത് കഴിച്ച കാര്യം ലൈല മൊഴിയായി നൽകിയത്.
കൊലപാതകം നടന്ന ഭഗവൽ സിംഗിന്റെ വീട്ടിൽ പ്രത്യേകം പരിശീലനം ലഭിച്ച മായ, മർഫി നായ്ക്കളെ ഉപയോഗിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ കിഴക്കുഭാഗത്തുനിന്ന് അസ്ഥി കഷ്ണം കണ്ടെത്തി. റോസ്‌ലിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് അസ്ഥി കഷ്ണം കണ്ടെത്തിയത്. ഭഗവൽ സിംഗിന്റെ വീടിനുള്ളിലെ ഫ്രിഡ്ജിൽ നിന്നും അന്വേഷണ സംഘം പഴക്കമുള്ളതും പുതിയതുമായ രക്തക്കറയും കണ്ടെത്തി. ഫോറൻസിക് ഉഗ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടന്ന പരിശോധനയിൽ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തികളും ലഭിച്ചിട്ടുണ്ട്.