
ബീജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ ഒക്ടോബർ 23ന് പ്രഖ്യാപിക്കും. പരമോന്നത നേതാവ് ഷീ ജിൻപിംഗ് തുടർച്ചയായ മൂന്നാം തവണയും രാജ്യത്തെ പ്രസിഡന്റ്, പാർട്ടി ജനറൽ സെക്രട്ടറി, സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാൻ പദവികൾ നിലനിറുത്തുമെന്നാണ് കരുതുന്നത്. ഇന്ന് മുതൽ ടിയാനൻമെൻ സ്ക്വയറിലെ ഗ്രേറ്റ് ഹാൾ ഒഫ് ദ പീപ്പിളിൽ ആരംഭിക്കുന്ന പാർട്ടിയുടെ സുപ്രധാന 20-ാം ദേശീയ കോൺഗ്രസ് 22നാണ് അവസാനിക്കുന്നത്. അവസാന ദിനം പാർട്ടിയുടെ ഭരണഘടനാ ഭേദഗതി അംഗീകരിക്കുകയും 370 അംഗങ്ങളുള്ള അടുത്ത സെൻട്രൽ കമ്മിറ്റിയെ തിരഞ്ഞെടുക്കുമെന്നും പാർട്ടി വക്താവ് സൺ യേലി പറഞ്ഞു. തൊട്ടടുത്ത ദിവസം 25 അംഗ പോളിറ്റ്ബ്യൂറോയും 7 അംഗ പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയും തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2017ലും പാർട്ടിയുടെ ഭരണഘടനയിൽ ഭേദഗതി വരുത്തിയിരുന്നു. കോൺഗ്രസിൽ പങ്കെടുക്കുന്ന 2,296 പാർട്ടി പ്രതിനിധികളോട് അടുത്ത അഞ്ച് വർഷത്തേക്കുള്ള രാജ്യത്തിന്റെ നയങ്ങൾ സംബന്ധിച്ച വിശാലമായ ദിശയെ പറ്റി ഷീ വിശദീകരിക്കും.